സ്റ്റെന്‍റിന് വില കുറച്ചു;ഹൃദ്രോഗ ചികിത്സാചെലവ് കുറയും

single-img
13 February 2018


ന്യൂഡല്‍ഹി: ഹൃദയധമനികളിലെ രക്തയോട്ടം സുഗമമാക്കാന്‍ സ്ഥാപിക്കുന്ന ലോഹച്ചുരുളായ സ്റ്റെന്‍റിന് വിലകുറച്ചു. നിലവില്‍ 29,600 രൂപ വിലയുള്ള ഡ്രഗ് ഇല്യൂട്ടിങ് സ്റ്റെന്‍റിനാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി 2,300 രൂപ വില കുറച്ചത്. അതേസമയം, ബെയര്‍ മെറ്റല്‍ സ്റ്റെന്‍റുകള്‍ക്ക് നേരിയ വിലക്കയറ്റമുണ്ട്. 7,400 രൂപയില്‍ നിന്ന് 7,660 രൂപയിലേക്കാണ് കയറ്റം. ഈ വിലകള്‍ ജി.എസ്.ടി കഴിഞ്ഞുള്ളതാണ്. ഡ്രഗ് ഇല്യൂട്ടിങ് സ്റ്റെന്‍റുകളാണ് ഇന്ത്യയില്‍ 95 ശതമാനവും ഉപയോഗിക്കുന്നത്. ജി.എസ്.ടി ചേരുന്നതോടെ ഇവയുടെ വില 29,285 രൂപയാകും. ബെയര്‍ മെറ്റല്‍ സ്റ്റെന്‍റിന് 8,043 രൂപയാണ് ജി.എസ്.ടി കൂടി ചേര്‍ത്തുള്ള വില. ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുന്ന വില 2019 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നാണ് പ്രൈസിങ് അതോറിറ്റി സ്റ്റെന്‍റുകളുടെ വില കുറച്ചത്.
ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ഉപയോഗിക്കുന്ന കത്തീറ്റര്‍, ബലൂണ്‍, ഗൈഡ് വയര്‍ എന്നിവയുടെ വില പരിധിയും അതോറിറ്റി പരസ്യപ്പെടുത്തി. ആശുപത്രി ബില്ലുകളില്‍ ഇവയുടെ വില പ്രത്യേകം രേഖപ്പെടുത്തണം എന്ന നിര്‍ദേശവും പുറപ്പെടുവിച്ചു.