അമ്മയുടെ തോല്‍വിക്കിടയിലും താരമായി കുഞ്ഞു മകള്‍

single-img
13 February 2018


സെറീന വില്യംസ് മത്സരത്തിനിടെ കോര്‍ട്ടിനരികില്‍. കാണികള്‍ക്കിടയില്‍ ഭര്‍ത്താവ് അലക്സിസ് ഒഹാനിയന്‍െറ കൈയില്‍ മകള്‍ അലക്സിസ് ഒളിമ്പിയ. ചിത്രം: ഗെറ്റി ഇമേജ്


നോര്‍ത്ത് കരോലിന,യു.എസ്. : ജനിക്കുന്നതിന് മുമ്പ് തന്നെ ഗ്രാൻഡ് സ്ലാം ടെന്നിസ് ചാമ്പ്യനായത് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു, അലക്സിസ് ഒളിമ്പിയ ഒഹാനിയന്‍. സാക്ഷാല്‍ സെറീന വില്യംസിന്‍െറ കുഞ്ഞുമകള്‍. ഒരു വര്‍ഷം മുമ്പ്, അമ്മയുടെ വയറ്റില്‍ രണ്ട് മാസം പ്രായമുള്ളപ്പോള്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ‘‘ഏറ്റുവാങ്ങിയ’’ ആളാണ് അലക്സിസ്. അപ്പോള്‍, ഇടവേള കഴിഞ്ഞ് അമ്മ സെറീന ടെന്നിസ് കോര്‍ട്ടിലേക്ക് മത്സരിക്കാന്‍ മടങ്ങിവരുമ്പോള്‍ കുഞ്ഞുമകള്‍ എങ്ങനെ വീട്ടില്‍ അടങ്ങിയിരിക്കും. അച്ഛന്‍ അലക്സിസ് ഒഹാനിയനൊപ്പം ആദ്യമായി അമ്മക്ക് കയ്യടിക്കാനെത്തിയ അലക്സിസ് ഒളിമ്പിയ അങ്ങനെ കാണികള്‍ക്കിടയിലിരുന്ന് താരമായി. സെറീന കോര്‍ട്ടില്‍ തിരക്കിലായിരിക്കെ ‘ഡാഡി ഡ്യൂട്ടി’ ഭംഗിയായി നിര്‍വഹിച്ച ഭര്‍ത്താവ് അലക്സിസ് ഒഹാനിയനും ആരാധകരുടെ കൈയടി നേടി.

ഫെഡ് കപ്പില്‍ വനിത ഡബിള്‍സിലൂടെയാണ് മത്സരരംഗത്തേക്ക് കഴിഞ്ഞദിവസം സെറീന വില്യംസ് മടങ്ങിയെത്തിയത്. സഹോദരി വീനസ് വില്യംസിനൊപ്പം കളത്തിലിറങ്ങിയ താരത്തിനെ പക്ഷേ, തോല്‍വിയായിരുന്നു കാത്തിരുന്നത്. നെതര്‍ലന്‍റ്സിന്‍െറ ലെസ്ലി കെര്‍ഖോവ്-ഡെമി ഷൂര്‍സ് സഖ്യം 6-2, 6-3 സ്കോറിനാണ് വില്യംസ് സഹോദരിമാരെ തകര്‍ത്തത്. അതേസമയം, മറ്റു മത്സരങ്ങളിലെ ജയത്തോടെ യു.എസ്. ടീം ഫെഡ് കപ് സെമിഫൈനലില്‍ കടന്നു. തോല്‍വിക്കിടയിലും ടെന്നിസ് കോര്‍ട്ടിലേക്കുള്ള മടങ്ങിവരവിന്‍െറ സന്തോഷത്തിലായിരുന്നു സെറീന. മകള്‍ തന്‍െറ കളി കാണാന്‍ എത്തിയതിനെ കുറിച്ചും സെറീന സംസാരിച്ചു ‘‘ ഇത് അവളുടെ ആദ്യ മത്സരമാണ്. അതുകൊണ്ട് തന്നെ അവള്‍ക്ക് മത്സരം കാണാനായതില്‍ എനിക്കേറെ സന്തോഷമുണ്ട്.’’

2017 ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം നേടിയതിന് പിന്നാലെയാണ് ഗര്‍ഭിണി ആയിരിക്കെയാണ് സെറീന ഫൈനല്‍ കളിച്ചതെന്ന വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അലക്സിസ് ഒളിമ്പിയക്ക് ജന്മം നല്‍കി. പിന്നാലെ റെഡിറ്റ് സഹസ്ഥാപകനും സംരംഭകനുമായ അലക്സിസ് ഒഹാനിയനുമായുള്ള വിവാഹവും നടന്നു. ഈ വര്‍ഷം ആസ്ട്രേലിയന്‍ ഓപ്പണിലൂടെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വിശ്രമത്തിന്‍െറ ഭാഗമായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിട്ടുനിന്നു. എക്കാലത്തെയും മികച്ച വനിത ടെന്നിസ് താരമായി കണക്കാക്കപ്പെടുന്ന സെറീന 23 ഗ്രാൻഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ക്ക് ഉടമയാണ്.