കുമ്മനം മത്സരിക്കില്ല;ചെങ്ങന്നൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയായി

single-img
13 February 2018


തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവും. പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായി. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും.പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടതായി ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

നേരത്തേ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുമ്മനം മത്സരിച്ച്‌ കുറഞ്ഞ വോട്ട് നേടിയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ടായി. മാത്രമല്ല, ബി.ഡി.ജെ.എസ്, എന്‍.എസ്.എസ് എന്നീ സംഘടനകള്‍ക്കും ശ്രീധരന്‍ പിള്ളയോടാണ് താല്‍പര്യം.

എം.എല്‍.എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണയും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീധരന്‍പിള്ള നേടിയ 42,000 വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍പിള്ളക്ക് നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.