മലയാളി ഗുണ്ട ബിനു തമിഴ്നാട് പോലീസില്‍ കീഴടങ്ങി

single-img
13 February 2018


ചെന്നൈ: ഒളിവിലായിരുന്ന മലയാളി ഗുണ്ട നേതാവ് ബിനു തമിഴ്നാട് പോലീസില്‍ കീഴടങ്ങി. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി ആറിന് ബിനുവിന്‍െറ ജന്മദിനാഘോഷത്തിനിടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 75 ഗുണ്ടകള്‍ പിടിയിലായിരുന്നു. ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ആഘോഷത്തില്‍ 200 ഓളം ഗുണ്ടകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അവിടെ നിന്ന് രക്ഷപ്പെട്ട് ഒളിവിലായിരുന്നു ബിനു. കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ് വന്നതോടെയാണ് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്.

പിറന്നാള്‍ കേക്ക് ബിനു വാള്‍ കൊണ്ട് മുറിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കേക്ക് മുറിക്കലിന് തൊട്ടുപിന്നാലെയായിരുന്നു പോലീസ് റെയ്ഡ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് കീഴടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷം ചെന്നൈയ്ക്ക് പുറത്ത് താന്‍ ഒളിലിലായിരുന്നു എന്നാണ് ബിനു പറയുന്നത്. പിറന്നാള്‍ ആഘോഷിക്കാന്‍ സഹോദരന്‍ ചെന്നൈയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുമ്പ് കൂടെയുണ്ടായിരുന്ന ഗുണ്ടകള്‍ ആഘോഷത്തിന് ഉണ്ടാകുമെന്ന അറിവില്ലായിരുന്നു എന്നും ബിനു പറഞ്ഞു. വാഹനപരിശോധന നടത്തുന്നതിനിടയില്‍ മദന്‍ എന്ന ഗുണ്ട അറസ്റ്റിലായതാണ് പോലീസിന് പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് വിവരം കിട്ടാന്‍ സഹായകമായത്. തിരുവനന്തപുരമാണ് ബിനു എന്ന ബിനു പാപ്പച്ചന്‍െറ സ്വദേശം.