ഫോണ്‍കെണി കേസ്: മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

single-img
12 February 2018

കൊച്ചി: ഫോണ്‍ കെണി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സി.ബി.ഐ ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചു.

തനിക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് എഫ്.ഐ.ആറിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളത്തില്‍ ശശീന്ദ്രനെതിരായ വാര്‍ത്ത അവതരിപ്പിച്ചത് പ്രദീപായിരുന്നു. ഇതാണ് പ്രദീപിനെ കേസില്‍ കുടുക്കിയതും ജയിലിലാക്കിയതും.

ശശീന്ദ്രന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് മംഗളത്തിലെ റിപ്പോര്‍ട്ടര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പരാതിക്കാരി കേസില്‍ നിന്നും പിന്മാറി. ഇതോടെ ശശീന്ദ്രന്‍ മന്ത്രിയായി. ഇത് മംഗളത്തിന് എതിരായ കേസിനെ ബലപ്പെടുത്തുന്ന സാഹചര്യവും വന്നു.

മംഗളത്തില്‍ സംപ്രേഷണം ചെയ്ത ഫോണ്‍ സംഭാഷണത്തില്‍ ശശീന്ദ്രന്‍ വ്യക്തത വരുത്തിയതുമില്ല. എന്നാല്‍ ശശീന്ദ്രനെ കുടുക്കിയെന്ന തരത്തിലാണ് ജ്യൂഡീഷ്യല്‍ കമ്മീഷന്‍ നിരീക്ഷണം പോലും എത്തിയത്. ഏത് സാഹചര്യത്തിലായാലും ശശീന്ദ്രനെ പോലെ ധാര്‍മികത അവകാശപ്പെടുന്ന മന്ത്രിക്ക് ഇത്തരത്തില്‍ പൈങ്കിളി സംസാരിക്കാമോ എന്നതും ഉയര്‍ന്ന ചോദ്യമാണ്.

ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെതിരായ കേസ് വീണ്ടും ചര്‍ച്ചയാക്കാന്‍ എസ് വി പ്രദീപ് തയ്യാറെടുത്തത്. മംഗളം ടിവിയില്‍ കേള്‍പ്പിച്ച സംഭാഷണം ശശീന്ദ്രന്റേതാണെന്ന ഉത്തമ വിശ്വാസം തനിക്കുണ്ട്. വനിതാ ജേര്‍ണലിസ്റ്റിന്റെ വാക്കുകള്‍ ഇക്കാര്യത്തില്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ ശശീന്ദ്രനും വനിതാ മാധ്യമ പ്രവര്‍ത്തകയും തമ്മില്‍ എല്ലാം പറഞ്ഞു തീര്‍ത്തുവെന്നും അതുകൊണ്ട് തന്നെ കോടതി വിധികള്‍ ശശീന്ദ്രന് അനുകൂലമായെന്നും പ്രദീപ് ഹൈക്കോടതിയില്‍ വിശദീകരിക്കുന്നു. ടേപ്പിലെ ശബ്ദവുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്. രാഷ്ട്രീയ ശക്തി ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശശീന്ദ്രന്‍ ഇടപെടല്‍ നടത്തിയെന്നും പ്രദീപ് ആരോപിക്കുന്നു.