പന്ത് കാണാതെ കീപ്പറെ നോക്കിനില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി: ‘മോഹന്‍ ഭാഗവത് സൈനികരെ അപമാനിച്ചു’

single-img
12 February 2018

പിന്‍ഭാഗത്തെ കണ്ണാടി നോക്കി ഡ്രൈവ് ചെയ്യുന്നത് പോലെയാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നതെന്ന പരാമര്‍ശത്തിന് പിന്നാലെ മോദിയെ ക്രിക്കറ്റു കളിക്കാരനായി ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പന്ത് എവിടെ നിന്നാണ് വന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് നരേന്ദ്ര മോദിയെന്ന് രാഹുല്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കര്‍ണാടക സന്ദര്‍ശനത്തിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ രൂക്ഷ വിമര്‍ശനം. ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റ് കീപ്പറെ നോക്കുന്നത് ഒരു സിംഗിള്‍ റണ്‍ കിട്ടുമോ എന്നറിയാനാണ്. അതേ സമയം പന്ത് എവിടെ നിന്ന് വന്നെന്ന് അറിയാതെയാണ് നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുക’ രാഹുല്‍ പരിഹസിച്ചു.

ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് കര്‍ണാടകയില്‍ രാഹുലിന്റെ പര്യടനം മുന്നേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവധി ഏകദേശം അവസാനിച്ചു. ഇനി ഉറപ്പായും അദ്ദേഹം സര്‍ക്കാര്‍ ചെയ്ത നേട്ടങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും കറാതഗിയിലെ പൊതുപരിപാടിക്കിടെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അതിനിടെ ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചുള്ള ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരേയും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഇന്ത്യക്കാരെ അപമാനിക്കുന്നതാണെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു.

‘ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്ന പ്രസ്താവനയാണത്. സൈന്യം സല്യൂട്ട് ചെയ്യുന്ന ദേശീയ പതാകയെക്കൂടി അദ്ദേഹം അപമാനിച്ചിരിക്കുന്നു.

ഭാഗവത്, നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു’– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ആര്‍എസ്എസ് മാപ്പുപറയുക’ എന്ന ഹാഷ്ടാഗോടെയാണു രാഹുലിന്റെ ട്വീറ്റ്. അഞ്ചു സൈനികര്‍ വീരമൃതു വരിച്ച ദിവസത്തില്‍ സൈന്യത്തെ മോശപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിച്ചതെന്ന് അഖിലേന്ത്യാ മഹിള കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

1947 നു മുന്‍പ് ബ്രിട്ടിഷ് സര്‍ക്കാരിനും സ്വതന്ത്ര്യത്തിനുശേഷം ‘ഭാരത് മാതാവിനും’ ജയ് വിളിക്കുന്നതായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണും മഹിള കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ചു.

മോഹന്‍ ഭാഗവതിന്റെ വിവാദപ്രസംഗം:

‘ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും. ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രം’–പട്‌നയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ മോഹന്‍ ഭാഗവത് പറഞ്ഞു.