ആഴ്ചയില്‍ അഞ്ചുനാള്‍ തലസ്ഥാനത്ത് ഉണ്ടാവണം; മന്ത്രിമാര്‍ക്ക് താക്കീതുമായി വീണ്ടും മുഖ്യമന്ത്രി

single-img
12 February 2018

 


തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫീസുകളില്‍ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നേരത്തെ നാല് ദിവസം എങ്കിലും ഉണ്ടാകണം എന്നായിരുന്നു നിര്‍ദേശം.

കഴിഞ്ഞദിവസം നിശ്ചയിച്ച പ്രത്യേകമന്ത്രിസഭായോഗം ക്വോറം തികയാതെ മാറ്റേണ്ടിവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. 12 മന്ത്രിമാരാണ് വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് എത്താതിരുന്നത്. ഏഴു പോര്‍മാത്രമാണ് യോഗത്തിനെത്തിയത്. തുടര്‍ന്ന് ഇന്ന് യോഗം ചേരാന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു,

എന്നാല്‍ ഇന്നും തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ മന്ത്രിസഭ യോഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കാനും തീരുമാനമായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവര്‍ഷത്തില്‍നിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങള്‍ക്ക് ഉപാധികളോടെ തണ്ണീര്‍ത്തടം നികത്താന്‍ അനുമതി നല്‍കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയ ഓര്‍ഡിന്‍സുകള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.