രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു

single-img
12 February 2018


ലണ്ടന്‍: തെംസ് നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിന്‍െറ റണ്‍വേക്ക് സമീപത്തുള്ള കിങ് ജോര്‍ജ് അഞ്ചാമന്‍ കപ്പല്‍ത്തുറയിലാണ് ബോംബ് കണ്ടെത്തിയത്. പ്രദേശത്തിന് ചുറ്റും 214 മീറ്റര്‍ ഒഴിപ്പിച്ചതിന്‍െറ ഭാഗമായാണ് വിമാനത്താവളവും അടച്ചത്. അടുത്ത ദിവസം ഈ വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവര്‍ എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാകാതെ ബോംബ് സുരക്ഷിതമായി നീക്കം ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് മുന്‍കരുതല്‍. റോയല്‍ നേവിക്കൊപ്പം വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൊട്ടാത്ത ബോംബ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
1940 സെപ്റ്റംബറിനും 1941 മെയ്ക്കും ഇടയില്‍ ആയിരക്കണക്കിന് ബോംബുകളാണ് ജര്‍മ്മന്‍ എയര്‍ഫോഴ്സ് ലണ്ടന്‍ നഗരത്തിലിട്ടത്.