സംഘപരിവാര്‍ നീക്കം പൊളിഞ്ഞു; ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍

single-img
12 February 2018

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ്‌യെ പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

29നെതിരെ 56 വോട്ടുകള്‍ നേടിയാണ് ചന്ദ്രശേഖര്‍ കമ്പാര്‍ വിജയിച്ചത്. കന്നട കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാര്‍, മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേ, വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ് എന്നിവരാണ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിച്ചത്.

പുതിയ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തത്. പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരനെ അധ്യക്ഷസ്ഥാനത്തേയ്ക്ക് മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പ്രതിഭാ റായിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കന്നഡ സാഹിത്യകാരനായ ചന്ദ്രശേഖര കമ്പാര്‍ നിലവില്‍ അക്കാദമി ഉപാധ്യക്ഷനായിരുന്നു. പ്രഭാവര്‍മ്മ, ബലചന്ദ്രന്‍ വടക്കേടത്ത്, ഡോ. അജിത് കുമാര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്.