ഭാര്യയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്: ഇര്‍ഫാന്‍ ഖാന്‍

single-img
12 February 2018

ഭാര്യയാണ് തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഒരേ ഫിലിം സ്‌ക്കൂളിലാണ് ഞങ്ങള്‍ പഠിച്ചത്. അഭിനേതാവിന്റെ അഭിനയമികവ് മുതലുള്ള കാര്യങ്ങളില്‍ തന്നേക്കാളും കൂടുതല്‍ ധാരണ ഭാര്യ സുപത സിക്ദറിനുണ്ടെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ഇര്‍ഫാന്‍ ഖാന്‍ നായകനായി അഭിനയിച്ച ‘ഖരിബ് ഖരിബ് സിംഗ്ലേ’ എന്ന ചിത്രം നിര്‍മ്മിച്ചതും സുപത സിക്ദറാണ്. മിക്ക വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്റെ ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍, പോരായ്മകള്‍ എന്നിങ്ങനെ എല്ലാം. വ്യത്യസ്ത പ്രമേയമായത് കൊണ്ടാണ് ഖരിബ് ഖരിബ് നിര്‍മ്മിക്കാന്‍ അവള്‍ തയ്യാറായത്, ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റിലൂടെ വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് വ്യക്തികള്‍ പരിചയപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും ചിത്രീകരിച്ച സിനിമയില്‍ മലയാളി താരം പാര്‍വ്വതിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പുതുതലമുറ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ പിന്നിലാണ്.

എടുത്തുചാട്ടമാണ് പലരുടെയും ജീവിതത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ജീവിതത്തില്‍ സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് പകരം നിമിഷാര്‍ത്ഥം തീരുമാനങ്ങള്‍ എടുക്കുന്നത് മൂലം ഭൂരിഭാഗം വിവാഹബന്ധങ്ങളും തകരുന്നു. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് അവരുടെ കൂടെ ഒരു യാത്ര പോകുന്നത് നല്ലതായിരിക്കും. അവരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ഇതിലും നല്ല വഴിയുണ്ടാകില്ലെന്നും ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.