ഇമ്രാന്‍ താഹിറിനെ ഇന്ത്യന്‍ ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചെന്ന്

single-img
12 February 2018


ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ഇന്ത്യന്‍ ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം. ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ച വാന്‍ഡറേഴ്സ് നാലാം ഏകദിനത്തിനിടയിലാണ് സംഭവം. വാര്‍ത്തകുറിപ്പിലൂടെ ക്രിക്കറ്റ് സൗത്ത്ആഫ്രിക്ക(സി.എസ്.എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് സി.എസ്.എ അന്വേഷണം നടത്തുകയാണ്.

താരത്തെ വംശീയമായി അധിക്ഷേപിച്ചതിന് പുറമെ അസഭ്യം പറയുകയും ചെയ്തു. അധിക്ഷേപത്തെതുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥനോട് ഇമ്രാന്‍ താഹിര്‍ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ആളെ തിരിച്ചറിയാനും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കാനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ താഹിറിനെ അനുഗമിച്ചു.
ഇമ്രാന്‍ താഹിര്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ആരാധകരെ കാണുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കുറ്റം ചെയ്ത ആളെയോ അടുത്തുള്ള കുട്ടികളെയോ താഹിര്‍ ശാരീരികമായി സ്പര്‍ശിച്ചിട്ടില്ല എന്ന് സി.എസ്.എ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ ചട്ടപ്രകാരം
വംശീയാധിക്ഷേപം നടത്തുന്ന ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുന്നതിന് പുറമെ ഭാവിയിലെ മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ക്രിമിനല്‍ വിചാരണക്ക് വിധേയരാക്കുകയും ചെയ്യും.