വിവാദ ഭൂമി ഇടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

single-img
12 February 2018

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. സഭയെ പിടിച്ചുകുലുക്കിയ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ടതാണ് നോട്ടീസ്. മറ്റ് മൂന്ന് പേര്‍ക്ക് കൂടി നോട്ടീസ് അയച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് നടപടി. അഴിമതി നടന്നു എന്നാരോപിക്കുന്ന ഭൂമിയിടപാടില്‍ പോലീസ് കേസെടുത്തില്ല എന്നാണ് ഹര്‍ജിയിലെ പരാതി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പോലീസിനോട് ഹൈക്കോടതി വിശദീകരണവും തേടി.

ഭൂമിയിടപാടിലൂടെ സഭവിശ്വാസികളുടെ പണം നഷ്ടമായതായി ഹര്‍ജി ആരോപിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് വന്ന കടം വീട്ടാന്‍ സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ വന്‍ നഷ്ടമുണ്ടായി എന്നതാണ് കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ആരോപണം. സംഭവത്തില്‍ തെറ്റ് പറ്റിയതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ വൈദിക കമ്മീഷന് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മനപൂര്‍വമല്ലാത്ത ക്രമക്കേടുകള്‍ ഇടപാടില്‍ വന്നതായി വൈദികരുടെ അന്വേഷണ കമ്മീഷന് എഴുതി സമര്‍പ്പിച്ച മൊഴിയില്‍ അദ്ദേഹം ഏറ്റുപറഞ്ഞു.
സഭയില്‍ ഏറെ വിവാദമായ സംഭവത്തെത്തുടര്‍ന്ന് സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് അധികാരം വിഭജിച്ചുനല്‍കിയിരുന്നു.