മോഹന്‍ ബഗാനെ ഞെട്ടിച്ച് കേരളത്തിന്‍െറ ഗോകുലം എഫ്.സി

single-img
12 February 2018


കൊല്‍ക്കത്ത: കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ച് ഐലീഗില്‍ ഗോകുലം കേരള എഫ്.സിയുടെ വിജയസ്മിതം. അവസാന നിമിഷം പിറന്ന ഗോളിലൂടെ 2-1 നായിരുന്നു ഗോകുലത്തിന്‍െറ ജയം. സ്ട്രൈക്കര്‍ ഹെന്‍ട്രി കിസ്സേക്കയാണ് 90ാം മിനിറ്റില്‍ സൂപ്പറൊരു ഗോളുമായി സന്ദര്‍ശകര്‍ക്ക് ജയം സമ്മാനിച്ചത്. മഹ്മൂദ് അല്‍ അജ്മിയുടെ 76ാം മിനിറ്റ് ഗോളിലൂടെ ഗോകുലം ആദ്യം മുന്നിലെത്തിയപ്പോള്‍ രണ്ട് മിനിറ്റിനകം തിരിച്ചടിച്ച് ബഗാന്‍ കരുത്ത് കാട്ടി. അസെര്‍ ദിപാന്‍ഡയുടേതായിരുന്നു 78ാം മിനിറ്റിലെ മറുപടി ഗോള്‍. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന നിലയില്‍ നിന്നാണ് വിജയഗോളുമായി കിസ്സേക്ക ആതിഥേയരെ ഞെട്ടിച്ചത്.

തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തിയ ഗോകുലത്തിന് ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ വലയിലെ ത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ബഗാന്‍ താരങ്ങളും പരാജയപ്പെട്ടു. ബഗാന്‍ സ്ട്രൈക്കര്‍ അക്രം മൊഗ്റാബി മാത്രം മൂന്ന് മികച്ച അവസരങ്ങളാണ് രണ്ടാം പകുതിയുടെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ പാഴാക്കിയത്. ഒടുവില്‍ 76ാം മിനിറ്റില്‍ കിസ്സേക്കയുടെ അസിസ്റ്റില്‍ ബഹ്റെയ്ന്‍ താരം മഹ്മൂദ് അല്‍ അജ്മി ബഗാന്‍ വല കുലുക്കി. പിന്നാലെ ബിമല്‍ മഗറിന്‍െറ പാസില്‍ ദിപാന്‍ഡ ബഗാനെ ഒപ്പമെത്തിച്ചു. മുദ്ദെ മൂസയുടെ പാസാണ് 90 ാം മിനിറ്റില്‍ ഹെന്‍ട്രി കിസ്സേക്ക ഗോളാക്കിമാറ്റിയത്.

തോല്‍വി ബഗാന്‍െറ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയപ്പോള്‍ പോയന്‍റ് പട്ടികയിലെ താഴെ തട്ടില്‍ നിന്നുള്ള കയറ്റമാണ് ജയത്തിലൂടെ ഗോകുലത്തിന് സാധ്യമായത്. 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയും സ്വന്തമായുള്ള ബഗാന്‍ 21 പോയന്‍റുമായി ഐലീഗില്‍ നാലാമതാണ് മോഹന്‍ ബഗാന്‍. 10 ടീമുകളുള്ള ലീഗില്‍ ഇപ്പോള്‍ ഒമ്പതാമതാണ് ഗോകുലം. 13 മത്സരങ്ങളില്‍ നാല് ജയവും എട്ട് തോല്‍വിയും ഒരു സമനിലയുമായി 13 പോയന്‍റാണ് ഗോകുലത്തിനുള്ളത്.