മുഖ്യമന്ത്രിയെ തള്ളി മന്ത്രിമാര്‍; ‘അഞ്ചുദിവസം തലസ്ഥാനത്ത് തങ്ങാനാകില്ല’

single-img
12 February 2018

മന്ത്രിമാര്‍ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം തള്ളി മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു. അവരവരുടെ മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

അഞ്ച്ദിവസം തലസ്ഥാനത്ത് നിന്നാല്‍ വകുപ്പ്, സര്‍ക്കാര്‍ പരിപാടികള്‍ അവതാളത്തിലാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മന്ത്രിമാരുടെ വാദങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചില്ല. പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടര്‍ന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ കുറഞ്ഞത് നാല് ദിവസമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയതാണ്. ആദ്യം അത് പാലിക്കപ്പെട്ടെങ്കിലും പീന്നീട് മാറ്റങ്ങള്‍ വന്നു. കഴിഞ്ഞ രണ്ട് മാസമായി സിപിഎം, സിപിഐ സമ്മേളനങ്ങള്‍ തുടങ്ങിയതോടെ, മന്ത്രിമാര്‍ തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ ദിവസങ്ങള്‍ മാറി നില്‍ക്കുന്ന സാഹചര്യവും ഉണ്ടായി.

ഇത് ഇനി ഉണ്ടാകരുതെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ സഹകരണ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കടകംപള്ളി സുരന്ദ്രന്‍, സിപിഐ കസര്‍കോട് ജില്ലാസമ്മേളനത്തന് പോയ ഇ. ചന്ദ്രശേഖരന്‍, വ്യക്തിപരമായ ആവശ്യത്തിന് പോകേണ്ടവന്ന തോമസ് ഐസക്ക് എന്നിവര്‍ എത്തിയില്ല.