എന്‍.സി. അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

single-img
12 February 2018

തിരുവനന്തപുരം: ഡി.ജി.പി ഡോ.എന്‍.സി. അസ്താനയെ പുതിയ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. നിലവിലെ വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയുമായ ലോക്‌നാഥ് ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസ്താനയുടെ നിയമനം.

1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എന്‍.സി.അസ്താന. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അസ്താന സര്‍ക്കാരിനെ അറിയിച്ചിരുന്നു.

എന്നാല്‍ ബെഹ്‌റ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അസ്താനയിലേക്ക് വീണ്ടും സര്‍ക്കാര്‍ എത്തിയത്. വ്യാഴാഴ്ചയ്ക്കകം പുതിയ ഡയറക്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി അല്ലാത്തവരേയും നിയമിക്കാന്‍ ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയത് ഇതിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി.സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി കസേരയിലെത്തിയപ്പോഴാണു ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

സെന്‍കുമാര്‍ വിരമിച്ച ശേഷം ബെഹ്‌റയെ പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ആദ്യം നല്‍കി. പിന്നീട് പൂര്‍ണ ചുമതലയും നല്‍കി. ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഈ രണ്ടു സുപ്രധാന പദവികളില്‍ ഒരേ സമയം ഒരു വ്യക്തിയെ നിയമിച്ചിട്ടില്ല.

സ്ഥിരം വിജിലന്‍സ് ഡയറക്‌റെ നിയമിക്കാത്തതിനെ ഹൈക്കോടതി ഒന്നിലേറെ തവണ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബെഹ്‌റയെ പോലെ പറ്റിയ ഒരാളെ കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ മാറ്റിയില്ല. ഉദ്യോഗസ്ഥ നിയമനം സര്‍ക്കാരിന്റെ ഭരണപരമായ അധികാരമാണെന്നും അതില്‍ കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.