അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; പ്രതി പിടിയില്‍

single-img
12 February 2018


അങ്കമാലി: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിലെ പ്രതി പിടിയില്‍. അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ എരപ്പ് സ്വദേശി അറയ്ക്കലില്‍ ശിവന്‍(60), ഭാര്യ വല്‍സ(56), മകള്‍ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്‍െറ അനുജന്‍ ബാബു ആണ് പോലീസ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇയാളെ കൊരട്ടിയില്‍ നിന്നാണ് പിടിച്ചത്. കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിലേക്ക് ബൈക്ക് ഓടിച്ചിറക്കി ഇയാള്‍ ആത്മഹത്യ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകം നടത്തിയെന്നും പോലീസില്‍ കീഴടങ്ങാന്‍ പോകുന്നു എന്നും നാട്ടുകാരോട് പറഞ്ഞതിന് ശേഷമാണ് സ്ഥലത്ത് നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ കൊലപാതകവിവരം അറിയിച്ചത്.

കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശിവന്‍െറ അഞ്ച് സഹോദരങ്ങള്‍ സമീപത്തെ വീടുകളിലായാണ് താമസിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, യഥാര്‍ഥ കാരണം തുടങ്ങിയ കാര്യങ്ങളില്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.