രാജസ്ഥാന്‍ ബിജെപി പൊട്ടിത്തെറിയിലേക്ക്; നേതൃമാറ്റം വേണമെന്ന് ആവശ്യം

single-img
11 February 2018

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ തുടരണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വസുന്ധര രാജെയോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണമിയോ തല്‍സ്ഥാനങ്ങളില്‍ തുടരുകയാണെങ്കില്‍ 2018ലെയും 2019ലെയും തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ അവസ്ഥ അതിദയനീയമായിരിക്കുമെന്ന് കോട്ട ജില്ലാ പ്രസിഡന്റ് അശോക് ചൗധരി ചൂണ്ടിക്കാട്ടി.

ഇക്കാര്യം ആവശ്യപ്പെട്ട് അശോക് ചൗധരി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു. തന്റെയും തന്നെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യങ്ങള്‍ക്ക് സംസ്ഥാന ഘടകത്തില്‍ നിന്ന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് ദേശീയ നേതൃത്വത്തെതന്നെ സമീപിച്ചതെന്നും ചൗധരി പറഞ്ഞു.

അടുത്തിടെ നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞടുപ്പില്‍ രണ്ട് ലോക്‌സഭാ സീറ്റുകളിലും ഒരു നിയസമസഭാ സീറ്റിലും ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് വിജയം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപിയിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ അശോക് ചൗധരിയുടെ കത്ത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വമോ പ്രതികരിച്ചിട്ടില്ല.