മോദിക്ക് രാജകീയ വരവേല്‍പ് നല്‍കി യുഎഇ: അഞ്ചു ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു

single-img
11 February 2018


പലസ്തീന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു.

മൂന്നു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്. മോദി അടുത്ത സുഹൃത്താണെന്നും അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

തൊഴിലാളികളുടെ ക്ഷേമത്തിന് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇന്ത്യ യുഎഇ ധാരണയായി. അഞ്ചു ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തൊഴില്‍, അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി.

യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി സംയുക്ത പദ്ധതികള്‍ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലെ പ്രധാന നേട്ടം. മനുഷ്യക്കടത്തും, തൊഴില്‍തട്ടപ്പും തടയുന്നതിനുള്ള സംയോജിത ഓണ്‍ലൈന്‍ സംവിധാനമാണ് ഇതില്‍ പ്രധാനം.

ഇരുരാജ്യങ്ങളും സംയുക്തമായി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കും. എഇയിലെ എണ്ണ മേഖലയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളും ധാരണയിലെത്തി. യുഎഇ തീരക്കടലിലെ ലോവര്‍ സാകും എണ്ണ പര്യവേഷണ പദ്ധതിയിലായിരിക്കും മൂന്ന് പൊതുമേഖലാ ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി നിക്ഷേപം നടത്തുക.

പദ്ധതി ചെലവിന്റെ പത്തുശതമാനമായിരിക്കും ഇന്ത്യന്‍ കമ്പനികള്‍ വഹിക്കുക. ഇതിനു പുറമേ റെയില്‍ ഗതാഗത രംഗത്തും ഇരുരാജ്യങ്ങളും പരസ്പരം കൈകോര്‍ക്കും. ജമ്മു കശ്മീരില്‍ ഡി.പി.വേള്‍ഡിന്റെ ലോജിസ്റ്റിക്‌സ് ഹബ് നിര്‍മിക്കാനും കരാര്‍ ഒപ്പിട്ടു. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചും വിവിധ വിഷയങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.