ദക്ഷിണാഫ്രിക്കയെ പിങ്ക് ചതിച്ചില്ല: ജൊഹാനസ്ബർഗ് ഏകദിനത്തിൽ ഇന്ത്യ തോറ്റു

single-img
11 February 2018

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മിന്നും ജ​യം. മ​ഴ നി​യ​മ​പ്ര​കാ​രം 28 ഓ​വ​റി​ൽ 202 റ​ണ്‍​സ് നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 25.3 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ലക്ഷ്യം കണ്ടു. നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ(109) റെക്കോഡ് പ്രകടനം പാഴായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 289 റണ്‍സാണ് എടുത്തിരുന്നത്. ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.

ഇതോടെയാണ് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറിൽ 202 റണ്‍സെന്ന നിലയിലേക്ക് വെട്ടിച്ചുരുക്കിയത്. പിന്നീട് ട്വന്‍റി-20 സ്റ്റൈലിൽ ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കൻ താരങ്ങളെയാണ് കാണാൻ സാധിച്ചത്. ക്യാപ്റ്റൻ ഏഡൻ മർ‌ക്‌‍റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് മികച്ച ബാറ്റിംഗ് കാഴ്ചവച്ചത്.

അഞ്ചാം വിക്കറ്റില്‍ മില്ലറും ക്ലാസനും ചേര്‍ന്ന് 6.5 ഓവറില്‍ നേടിയ 72 റണ്‍സാണ് കളിയുടെ ഗതി മാറ്റിയത്. ചാഹല്‍ എറിഞ്ഞ 17-ാം ഓവറിലെ ആദ്യ പന്തില്‍ മില്ലറെ ശ്രേയസ് കൈവിട്ടുകളഞ്ഞത് മത്സരത്തിലെ വഴിത്തിരിവായി. അപ്പോള്‍ ആറ് റണ്‍സ് മാത്രമെടുത്തിരുന്ന മില്ലര്‍ പാണ്ഡ്യയുടെ തൊട്ടടുത്ത ഓവറില്‍ തുടരെ മൂന്ന് ബൗണ്ടറിയടിച്ച് ആതിഥേയരെ മത്സരത്തിലേക്ക് തിരിച്ചകൊണ്ടുവന്നു.

ബാറ്റിങ് പറുദീസയായ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ കനത്ത സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യക്കായില്ല. നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന ധവാന്റെ പ്രകടനത്തിനും രണ്ടാം വിക്കറ്റില്‍ ധവാനും ക്യാപ്റ്റന്‍ വിരാട് കോലിയും(75) ചേര്‍ന്നെടുത്ത 158 റണ്‍സ് കൂട്ടുകെട്ടിനും ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കാനായില്ല.

330 റണ്‍സിന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിച്ച സ്ഥാനത്ത് മധ്യനിര തകര്‍ന്നതോടെ ടീം ടോട്ടല്‍ 289-ല്‍ ഒതുങ്ങി. അവസാന 10 ഓവറില്‍ ഇന്ത്യക്ക് കിട്ടിയത് 58 റണ്‍സാണ്.  40-48 ഓവറില്‍ പിറന്നത് 37 റണ്‍സ് മാത്രം. അവസാന രണ്ട് ഓവറില്‍ 21 റണ്‍സ് വന്നു. 25 ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 150 എന്ന ശക്തമായ നിലയിലായിരുന്നു സന്ദര്‍ശകര്‍.

ഏകദിനത്തിലെ 13-ാം സെഞ്ചുറിയാണ് ധവാന്‍ കുറിച്ചത്. 105 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു ഈ ഇന്നിങ്‌സ്. കോലി 83 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച് ഏകദിനത്തിലെ 46-ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. അച്ചടക്കത്തോടെയുള്ള ബൗളിങ്ങും ഇടയ്ക്ക് പെയ്ത മഴയുമാണ് ബാറ്റ്‌സ്മാന്മാരുടെ താളം തെറ്റിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി റബാഡയും ലുങ്കി എന്‍ഗീഡിയും രണ്ട് വിക്കറ്റ് വീതമെടുത്തു. മോണെ മോര്‍ക്കലിനും ക്രിസ് മോറിസിനും ഓരോ വിക്കറ്റുണ്ട്.