മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഊഹങ്ങള്‍ തെറ്റിച്ച് കമല്‍ ഹാസ്സന്‍

single-img
11 February 2018

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയുടെ പിന്തുണയോടെയാണെന്ന വാദത്തിന് തിരുത്തുമായി സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍. തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നുമാണ് താന്‍ കരുതുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു കമലഹാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചുവപ്പ് തന്റെ മുഖഛായ അല്ല, രജനിയുടേത് കാവിയുമല്ല. അത്തരത്തിലൊരു സഖ്യത്തിന് സാധ്യതയില്ല, അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. എന്റെ സിനിമകള്‍ എന്റെ സഹപാഠികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. രാഷ്ട്രീയത്തിലും അങ്ങനെ തന്നെയായിരിക്കും. പക്ഷേ രജനികാന്തുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

ഡിസംബര്‍ 31ന് ഒരാഴ്ച നീണ്ട ആരാധക സമ്മേളനത്തിന് ശേഷമായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ പാര്‍ട്ടിയിലേയ്ക്ക് അംഗങ്ങളെ ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിച്ച് വരുകയാണ്.

മയ്യം വിസില്‍ എന്ന സംവിധാനത്തിലൂടെ അഴിമതികളെക്കുറിച്ച് അറിയിക്കാവുന്ന സംവിധാനവുമായി കമലുമെത്തി. എന്നാല്‍ ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല. പ്രഖ്യാപനത്തിന് മുന്‍പ് തമിഴ്‌നാട് യാത്ര നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.