ചേര്‍ത്തലയില്‍ പോലീസ് നഴ്സുമാരെ തല്ലിച്ചതച്ചു; വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നഴ്സുമാരുടെ പണിമുടക്ക്

single-img
11 February 2018


ചേര്‍ത്തല: കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്തുവരുന്ന നഴ്സുമാര്‍ക്ക് നേരെ പോലീസിന്‍െറ അതിക്രമം. ലാത്തിച്ചാര്‍ജില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ തല്ലിച്ചതച്ചു. പരിക്കേറ്റ ആറു പേരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍(യു.എന്‍.എ) അറിയിച്ചു. രണ്ട് ദിവസമായി നിരാഹാര സമരം നടക്കുകയായിരുന്നു. ഇന്ന് ഉപരോധം നടത്തിയവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ട് തയാറാകാത്തതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതിന് ശേഷവും സമരം തുടരുകയാണ്.

കെ.വി.എം ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ അഞ്ചു മാസത്തിലധികമായി നഴ്സുമാര്‍ സമരത്തിലാണ്. യു.എന്‍.എ ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ശമ്പള വര്‍ധനവ്, ആനുകൂല്യങ്ങള്‍, ജോലിക്രമീകരണം തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. എന്നാല്‍, ആശുപത്രി അധികൃതര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കൂടാതെ, സമരക്കാര്‍ക്കെതിരെ മാനേജ്മെന്‍റ് കുപ്രചരണം നടത്തിയതായും യു.എന്‍.എ ആരോപിച്ചിരുന്നു. അതോടെയാണ് സമരം ശക്തമായത്. കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്‍റിന്‍െറ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായില്ല.