കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്: ‘ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു’

single-img
11 February 2018

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമാണെന്നും ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

പത്ത് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. ബാബുവിന്റെ സ്വത്തില്‍ പകുതിയോളവും അനധികൃതമെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് നിലപാട്.

ബാബുവിന്റെ മരുമകനും പിതാവും കര്‍ണാടകയിലെ കുടകില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇളയ മകളുടെ വിവാഹത്തിന് 200 പവന്‍ നല്‍കിയെന്നും രണ്ട് പെണ്‍മക്കള്‍ക്കും ആഡംബര കാറുകള്‍ നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാബുവിനെതിരെ കേസെടുത്തത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡിലുള്ള കത്തില്‍ അനധികൃത സ്വത്തിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു.

തുടര്‍ന്ന് കത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു. ബാബുവിന്റെ ബേനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.