വെള്ളം കൊണ്ടുവരാന്‍ വൈകിയതിന് എട്ടുവയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

single-img
11 February 2018


എട്ടുവയസുകാരിയായ സ്വന്തം മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്ന് നടുറോഡില്‍ തള്ളി. ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് അരുംകൊല അരങ്ങേറിയത്. സംഭവദിവസം മകള്‍ റുസ്‌കറിനോടു ഒരു ഗ്‌ളാസ് വെള്ളം കൊണ്ടുവരാന്‍ പിതാവ് അബ്ദുല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വെള്ളം കൊണ്ടുവരാന്‍ വൈകിയെന്ന് പറഞ്ഞ് അബ്ദുല്‍ മകളുടെ കഴുത്ത് പിടിച്ചു ഞെരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഉമ്മ ഈ സമയം തന്റെ സഹോദരിയോടു ഫോണില്‍ സംസാരിക്കുകയായിരുന്നു. അലര്‍ച്ച കേട്ട് മുറിയിലേക്ക് ഓടിയെത്തിയ ഉമ്മ കണ്ടത് അബ്ദുല്‍ മകളുടെ മുടിയില്‍ പിടിച്ച് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ്.

തടയാന്‍ ശ്രമിച്ച ഉമ്മയെ മര്‍ദ്ദിക്കുകയും തള്ളിമാറ്റുകയും ചെയ്തു. തുടര്‍ന്ന് റുസ്‌കറിനെ കഴുത്തില്‍ പിടിച്ച് വായുവിലേക്ക് ഉയര്‍ത്തി റോഡിലേക്ക് എറിഞ്ഞെന്ന് ഉമ്മ പൊലീസിനോടു പറഞ്ഞു. മുഖമടിച്ച് റോഡില്‍ വീണ പെണ്‍കുട്ടിയെ ഉടന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടക്കത്തില്‍ മരുന്നുകളോടു പ്രതികരിച്ചെങ്കിലും പിന്നീട് സ്ഥിതി വഷളാകുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്നും മുങ്ങിയ അബ്ദുല്ലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുല്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു.