മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥക്ക് എതിരെ അറസ്റ്റ് വാറണ്ട്

single-img
11 February 2018


കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വെസ്റ്റ് മിഡ്നാപൂര്‍ ജില്ല പോലീസ് മേധാവിയായിരുന്ന ഭാരതി ഘോഷിനെതിരെ അറസ്റ്റ് വാറന്‍റ്. കവര്‍ച്ച, ക്രിമിനല്‍ ഗൂഡാലോചന കുറ്റങ്ങള്‍ ആരോപിക്കുന്ന കേസില്‍ ഘോഷിനും അവരുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനായ സുജിത് മൊണ്ടാലിനുമെതിരെ പശ്ചിമ ബംഗാള്‍ സി.ഐ.ഡി ആണ് വാറന്‍റ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തിന് പുറത്തേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. കേസില്‍ രണ്ട് പോലീസ് ഓഫീസര്‍മാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭാരതി ഘോഷിന്‍െറ അടുപ്പക്കാരായ ഇന്‍സ്പെക്ടര്‍ ശുഭങ്കര്‍ ഡെ, സബ് ഇന്‍സ്പെക്ടര്‍ ചിത്തപാല്‍ എന്നിവരാണ് അറസ്റ്റിലായത്.
കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ വെസ്റ്റ് മിഡ്നാപൂരിലെ ഘട്ടലില്‍ സി.ഐമാരായും ഓഫീസര്‍ ഇന്‍ ചാര്‍ജായും ജോലി നോക്കുകയായിരുന്നു ഇരുവരും.
ഭാരതി ഘോഷിന്‍െറയും ബന്ധുക്കളുടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ ധാരാളം പണവും സ്വര്‍ണവും പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖകളും കണ്ടെത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് ദാസ്പൂരില്‍ സ്വര്‍ണവ്യാപാരിയായ ചന്ദന്‍ മാഞ്ജി എന്നയാള്‍ കൊടുത്ത പരാതിയിലാണ് നടപടികളുണ്ടായത്.
ഒരുകാലത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായിരുന്നു ഭാരതി ഘോഷ്. എന്നാല്‍, ക്രമേണ പിടി അയഞ്ഞ ഇവര്‍ താരതമ്യേന താഴ്ന്ന പദവിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്വയം വിരമിക്കുകയായിരുന്നു.