ആന്റണി പെരുമ്പാവൂരിനെതിരെ സി.പി.എം: ലക്ഷ്യം മോഹന്‍ലാല്‍ ?

single-img
11 February 2018

കൊച്ചി: സിനിമാ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ചതായി ആരോപണം. എറണാകുളം പെരുമ്പാവൂരിലെ ഒരേക്കല്‍ നെല്‍പാടം നികത്താനുള്ള ആന്റണിയുടെ നീക്കത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കള്‍ രംഗത്ത് വന്നു.

മൂന്നാഴ്ച്ചത്തേക്ക് യാതൊരു പ്രവൃത്തിയും നടത്തരുതെന്ന കോടതി വിലക്ക് ലംഘിച്ച് സ്ഥലത്ത് ഇപ്പോഴും പണി തുടരുകയാണെന്നാണ് ആരോപണം. നേരത്തെ, അനധികൃത നികത്തലിനെതിരെ പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തിയാണ് നടക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടുവെങ്കിലും ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രദേശവാസികളുടെയും പരാതിക്കാരുടെയും വാദങ്ങള്‍ കേട്ടു തീരും വരെ സ്ഥലത്ത് യാതൊരു പ്രവര്‍ത്തിയും പാടില്ലന്നാണ് കോടതിയും നിര്‍ദ്ദേശിച്ചിരുന്നത്.

ഈ ഉത്തരവ് ലംഘിച്ചാണ് ഇപ്പോള്‍ വീണ്ടും സ്ഥലത്ത് പണികള്‍ ധ്രുതഗതിയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതാണിപ്പോള്‍ സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമായി മനസ്സിലാക്കി തന്നെയാണ് സി.പി.എം പ്രതിഷേധം.

മോഹന്‍ലാല്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ തലപ്പത്ത് വന്നതോടെയാണ് സി.പി.എമ്മിന് അനഭിമതനായത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരായ ആരാധകര്‍ ഉള്ള ലാല്‍ ആര്‍.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചതില്‍ അദ്ദേഹത്തിന്റെ ഒരു വിഭാഗം ആരാധകരിലും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.