ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ്‍ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പിന്

single-img
11 February 2018


തിരുവനന്തപുരം: അനിയന്‍െറ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തിയ സമരത്തിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ്‍ എഡ്വേഡ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആന്‍ഡേഴ്സണ്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനം.
ശ്രീജിത്തിനെ കാണാനെത്തിയ ചെന്നിത്തലയോട്, മുമ്പ് അദ്ദേഹത്തിനോട് സഹായമഭ്യര്‍ഥിച്ചപ്പോള്‍ സമരം ചെയ്യാന്‍ കിടന്ന് കൊതുകുകടി കൊള്ളണ്ട എന്ന് പറഞ്ഞില്ളേ എന്നാണ് ആന്‍ഡേഴ്സണ്‍ ചോദിച്ചത്. ഇതില്‍ പ്രകോപിതനായ ചെന്നിത്തല നീയാരാണെന്ന് തിരികെ ചോദിച്ചപ്പോള്‍ ‘ഞാന്‍ പൊതുജനമാണ് സാര്‍’ എന്നായിരുന്നു ആന്‍ഡേഴ്സന്‍െറ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് സി.പി.എം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്‍ഡേഴ്സണ്‍ എന്ന് ഫെയ്സ്ബുക്കില്‍ ചെന്നിത്തല ആരോപിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്ന് പിന്നീട് ആന്‍ഡേഴ്സണ്‍ ഇതിന് മറുപടി നല്‍കിയിരുന്നു.

പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്ന് ആന്‍ഡേഴ്സണ്‍ പറഞ്ഞു. യുവാക്കളെ രാഷ്ട്രീയക്കാര്‍ക്കെതിരെ അണിനിരത്തുമെന്നും കൂട്ടിച്ചേര്‍ത്തു. തനിക്കായി പ്രചരണം നടത്താന്‍ ഒരു ദിവസമെങ്കിലും ചെങ്ങന്നൂരില്‍ എത്തുമെന്ന് ആന്‍ഡേഴ്സണ്‍ അവകാശപ്പെട്ടു.