പുതിനയും കറിവേപ്പിലയും എങ്ങനെ വിഷമുക്തമാക്കാം?

single-img
10 February 2018

തിരുവനന്തപുരം: വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നും കൂടുതല്‍ വിഷം പുതിനയിലും പയറിലുമാണെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വെള്ളായണി കാര്‍ഷിക കോളജ് പുറത്തുവിട്ടത്. നാലു വര്‍ഷം കൊണ്ട് 4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. പരിശോധനയ്ക്കായി എടുത്ത പുതിന സാംപിളുകളില്‍ 62 % വിഷാംശം കണ്ടെത്തി.

പയറാണ് രണ്ടാം സ്ഥാനത്ത്. 45 % ആണ് വിഷത്തിന്റെ അളവ്. കീടനാശിനി 100 കോടിയുടെ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്‌പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്.

പച്ചക്കറികളില്‍നിന്ന് വിഷം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗം

പാചകത്തിനുള്ള ചേരുവകളായി അടുക്കളകളില്‍ ഉപയോഗിക്കുന്ന വിനാഗിരി, വാളന്‍പുളി, കറിയുപ്പ്, മഞ്ഞള്‍പൊടി, ചെറുനാരങ്ങ തുടങ്ങിയവയുടെ രണ്ടു ശതമാനം വീര്യമുള്ള ലായനികളില്‍ 10-15 മിനിറ്റ് പച്ചക്കറികള്‍ മുക്കിവച്ചശേഷം വെള്ളത്തില്‍ കഴുകിയാല്‍ അന്യസംസ്ഥാന പച്ചക്കറികളില്‍ സ്ഥിരമായി കാണുന്ന കീടനാശിനികള്‍ മിക്കതും ഏറെക്കുറെ നീക്കം ചെയ്യാമെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

പുതിനയും കറിവേപ്പിലയും എങ്ങനെ വിഷമുക്തമാക്കാം?

കറിവേപ്പിലയും പുതിനയിലയും ടിഷ്യൂ പേപ്പറിലോ ഇഴ അകന്ന കോട്ടന്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് ബോക്‌സില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഉപയോഗത്തിനു തൊട്ടു മുന്‍പ് വിനാഗിരി ലായനിയിലോ 10 ഗ്രാം വാളന്‍പുളി ഒരു ലീറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനിയിലോ പാക്കറ്റില്‍ കിട്ടുന്ന ടാമറിന്‍ഡ് പേസ്റ്റ് രണ്ടു ടേബിള്‍ സ്പൂണ്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതിലോ പത്തു മിനിറ്റ് മുക്കി വച്ചശേഷം ശുദ്ധജലത്തില്‍ രണ്ടു തവണ കഴുകിയാല്‍ 40 ശതമാനം മുതല്‍ 75 ശതമാനം വരെ വിഷാംശം നീക്കം ചെയ്യാമെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠനങ്ങളില്‍ ഇതു വ്യക്തമായിട്ടുണ്ട്.

സര്‍വകലാശാലയുടെ ഉല്‍പന്നമായ വെജി വാഷ് ഉപയോഗിച്ചും വിഷാംശം നീക്കം ചെയ്യാം. സര്‍വകലാശാല വികസിപ്പിച്ച ഏതെങ്കിലും ബ്രാന്‍ഡ് വെജി വാഷ് ലായനിയുടെ 10 മില്ലി (ഒരു അടപ്പ്) ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കറിവേപ്പിലയും പുതിനയും 10 മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകിയാല്‍ വിഷാശം 44 ശതമാനം മുതല്‍ 82 ശതമാനം വരെ നീക്കം ചെയ്യാം.

വിഷാംശം കണ്ടെത്തിയ പച്ചക്കറികള്‍

പുതിന ഇല വിഷാംശം 62%
പയര്‍ 45 %
കാപ്‌സിക്കം 42%
മല്ലിയില 26%
കാപ്‌സിക്കം (ചുവപ്പ്) 25%
ബജിമുളക് 20%
ബീറ്റ് റൂട്ട് 18%
കാബേജ് 18%
കറിവേപ്പില 17%
പച്ചമുളക് 16%
കോളിഫ്‌ളവര്‍ 16%
കാരറ്റ് 15%
സാമ്പാര്‍ മുളക് 13%
ചുവപ്പ് ചീര 12%
അമരയ്ക്ക 12%

വിഷമില്ലാത്ത പച്ചക്കറികള്‍ ഇവയാണ്

കുമ്പളങ്ങ
മത്തന്‍
പച്ചമാങ്ങ
പീച്ചിങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്
വാഴക്കൂമ്പ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളിപ്പൂവ്
ചൈനീസ് കാബേജ്