‘‘ജനങ്ങള്‍ നിങ്ങളെ അധികാരത്തിലേറ്റിയത് രാമക്ഷേത്രത്തിനായാണ്, മുത്തലാഖ് നിയമത്തിനല്ല’’; മോഡിക്കെതിരെ ആഞ്ഞടിച്ച് പ്രവീണ്‍ തൊഗാഡിയ

single-img
10 February 2018


ഒൗറംഗാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ രൂക്ഷ വിമര്‍ശനം. എന്‍.ഡി.എയെ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണെന്നും മുത്തലാഖിന് നിയമങ്ങള്‍ രൂപീകരിക്കാനല്ല എന്നും തൊഗാഡിയ പറഞ്ഞു. ക്ഷേത്രം പണിയുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘നിയമ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍, ക്ഷേത്രം ഇതുവരെ നിര്‍മ്മിക്കാത്തതിനാല്‍, പള്ളി സമീപം ഇല്ലാത്ത രീതിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണം വേണം. ഏറെ നാളായി ഹിന്ദു സമുദായം ഇതിനായി കാത്തിരിക്കുകയാണ്.’’ ഒൗറംഗാബാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് തൊഗാഡിയ ഇക്കാര്യം പറഞ്ഞത്.
ബാബരി മസ്ജിദ്- രാമ ജന്മഭൂമി തര്‍ക്കം സംബന്ധിച്ച അപ്പീലുകളില്‍ വാദം കേള്‍ക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് മാര്‍ച്ച് 14 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.