ലോകത്തെ ഉയര്‍ന്ന മൂല്യമുള്ള കുതിര പന്തയം റിയാദില്‍

single-img
10 February 2018

ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കുതിര പന്തയത്തിനു റിയാദ് സാക്ഷിയാകും. ഒരു പക്ഷെ, കായിക ചരിത്രത്തില്‍ത്തന്നെ ഒരു ഇനത്തിന് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഉയര്‍ന്ന സമ്മാനത്തുകയുമായിരിക്കുമിത്. റിയാദ് കിംഗ് അബ്ദുല്‍ അസീസ് കുതിരപ്പന്തയ മത്സരത്തിലെ വിജയിയെ കാത്തിരിക്കുന്നത് 1.7 കോടി ഡോളര്‍ സമ്മാനത്തുകയാണ്.

കുതിരപ്പന്തയത്തില്‍ നിലവിലെ ചരിത്ര വേദികളായ കെന്റക്കിലെയും ദുബൈയിലെയും കുതിര പന്തയങ്ങളെ വെല്ലുന്നതായിരിക്കും ഇത്. റിയാദ് കുതിരപ്പന്തയത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നടക്കം മത്സരാര്‍ത്ഥി കള്‍ എത്തുന്നുണ്ട്.

സൗദിയുടെ ചരിത്ര, സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രതീകമായാണ് കുതിരപ്പന്തയങ്ങള്‍ നടന്നു വരുന്നതെന്നു ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പറഞ്ഞു. എന്നാല്‍, പരിപാടിയുടെ തിയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ദുബൈ ലോകകപ്പില്‍ വിജയിക്ക് കിട്ടിയത് ഒരു കോടി ഡോളറാണ്.

ഫ്‌ളോറിഡയിലെ പെഗാസസ് ലോകകപ്പില്‍ വിജയിക്ക് ലഭിച്ചത് 1.6 കോടി ഡോളറുമാണ്. ഇതിനെയെല്ലാം പിന്തള്ളിയാണ് റിയാദ് കിംഗ് അബ്ദുല്‍ അസീസ് കുതിരപ്പന്തയം ചരിത്രം കുറിക്കുക. മൊത്തം സമ്മാനത്തുക മൂന്നു കോടി ഡോളറിനടുത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്.