നീണ്ടകാലത്തെ അവധിയെടുത്ത 13,000 ജീവനക്കാര്‍ക്ക് വീട്ടിലിരിക്കാമെന്ന് റെയില്‍വേ

single-img
10 February 2018


ന്യൂഡല്‍ഹി: ദീര്‍ഘകാലമായി അവധിയെടുത്തിരിക്കുന്ന ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അനധികൃത അവധിയിലുള്ള 13,000 ല്‍ അധികം പേര്‍ക്കെതിരെയാണ് അച്ചടക്ക നടപടി എന്ന് റയില്‍വേ പ്രഖ്യാപിച്ചു. റയില്‍വേ ജീവനക്കാരില്‍ ഒരു ശതമാനത്തെയാണ് ഇത്തരത്തില്‍ പിരിച്ചുവിടാന്‍ ഒരുങ്ങൂന്നത്. ‘‘റയില്‍വേയുടെ വിവിധ വിഭാഗങ്ങളില്‍ ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി 13,000 ല്‍ അധികം ജീവനക്കാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ല എന്ന് കണ്ടെത്തി. ഇവരെ നിയമാനുസൃതമായി പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.’’ റെയില്‍വേ പത്രകുറിപ്പില്‍ വ്യക്തമാക്കി.

കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയലിന്‍െറ നിര്‍ദ്ദേശപ്രകാരമാണ് നടപടി. റയില്‍വേയുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം സത്യസന്ധരായ ജീവനക്കാരുടെ ആത്മവീര്യം ഉയര്‍ത്തുന്നതിനുമാണ് ഈ നടപടി. ജോലിക്ക് എത്താത്തവരുടെ പേരുകള്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് രജിസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആകെ 13 ലക്ഷം ജീവനക്കാരാണ് റെയില്‍വേയില്‍ ഉള്ളത്.