ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു: ഗര്‍ഭിണി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു

single-img
10 February 2018

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ഗര്‍ഭിണി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ഡോക്‌റെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാവിലെയാണ് പ്രസവവേദനയെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയത്.

സ്‌കാനിംഗിന് ശേഷമേ പ്രസവ വാര്‍ഡിലേക്ക് കയറ്റുവെന്ന നിലപാടിലിയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും നഴ്‌സും. ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണം പറഞ്ഞ് സ്‌കാനിങ് നിഷേധിക്കുകയും ചെയ്തു. ആധാര്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും സ്‌കാനിങ് അനുവദിച്ചില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രസവ വാര്‍ഡിന് സമീപം കാത്തു നിന്ന യുവതിയ്ക്ക് വേദന വര്‍ധിച്ചപ്പോഴും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഇടത്ത് യുവതി പ്രസവിച്ചത്. വൈദ്യ സഹായമില്ലാതെയായിരുന്നു പ്രസവം.

സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. ചികിത്സ നിഷേധിച്ച ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബികെ രജോര അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.