ജൊഹാനസ്ബര്‍ഗ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ്

single-img
10 February 2018

ജൊഹാനസ്ബര്‍ഗ് ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. ഏ.ബി.ഡിവില്ലിയേഴ്‌സും മോണെ മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി.

ആറ് മല്‍സരങ്ങളുടെ പരമ്പരയില്‍ 3-0ന് മുന്നിലുളള ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ ആദ്യപരമ്പര എന്ന ചരിത്രനേട്ടത്തിനരികിലാണ്. ജയിക്കാനായാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും.

പിങ്ക് വേഷത്തിലാണ് നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടുന്നത്. പിങ്ക് ദക്ഷിണാഫ്രിക്കയുടെ ഭാഗ്യനിറമാണ്. 2011ല്‍ പിങ്ക് ദിനം തുടങ്ങിയശേഷം ആ നിറത്തില്‍ കളത്തിലിറങ്ങിയ ഒരു മത്സരവും ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല.

പിങ്കില്‍ ഇറങ്ങിയ അഞ്ചു കളികളും ജയിച്ച ചരിത്രമാണ് ദക്ഷിണാഫ്രിക്കയുടേത്. ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ മാത്രമല്ല കാണികളും ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ പിങ്ക് വസ്ത്രങ്ങള്‍ അണിഞ്ഞാണ് മത്സരത്തിനെത്തുക. ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തരമത്സര കലണ്ടറില്‍ ചുവപ്പുവട്ടത്തില്‍ അടയാളപ്പെടുത്തിയ ഈ ‘പിങ്ക് ഡേ’ മത്സരം ആരാധകര്‍ നിര്‍ബന്ധമായും കണ്ടിരിക്കണം എന്നാണ് ധ്വനി.

ഈ മത്സരത്തിലൂടെ കിട്ടുമെന്നുകരുതുന്ന, ദക്ഷിണാഫ്രിക്കന്‍ കറന്‍സിയായ പത്തുലക്ഷം റാന്‍ഡ് (53 ലക്ഷത്തോളം രൂപ) ജൊഹാനസ്ബര്‍ഗിലെ സ്തനാര്‍ബുദ ചികിത്സാകേന്ദ്രമായ ‘ചാര്‍ലറ്റ് മാക്‌സെക്കെ അക്കാദമിക് ഹോസ്പിറ്റലി’ന് നല്കും. കൈക്കുഴ ഉപയോഗിച്ച് പന്തുതിരിക്കുന്ന ഇന്ത്യയുടെ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും മുന്നിലാണ് ആദ്യമൂന്നുകളികളിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കിയത്.

പേടിസ്വപ്നം വിതയ്ക്കുന്ന ലെഗ്‌സ്പിന്നര്‍ ചാഹലിനെയും ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപിനെയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ആതിഥേയരുടെ നില. സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനായ മുന്‍നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സ് ടീമില്‍ തിരിച്ചെത്തുന്നത് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ പകര്‍ന്നിട്ടുണ്ട്. വാണ്ടറേഴ്‌സില്‍ മികച്ച റെക്കോഡുള്ള ഡിവില്ലിയേഴ്‌സും ഇന്ത്യന്‍ സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടം കാണികളെയും ആവേശഭരിതരാക്കുന്നു.