ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

single-img
10 February 2018

മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ വച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമ ചോദിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ്. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ മുന്‍ തലശേരി കൗണ്‍സിലര്‍ സി.ഒ.ടി.നസീറാണ് ക്ഷമ ചോദിച്ചത്. തലശേരി ഗസ്റ്റ്ഹൗസിലെത്തിയാണ് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്.

താന്‍ യഥാര്‍ഥത്തില്‍ പ്രതിയല്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു മാത്രമേയുള്ളുവെന്നും നസീര്‍ ഉമ്മന്‍ചാണ്ടിയോടു പറഞ്ഞു. 2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ നടന്ന സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങിനെത്തിയ ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡി.വൈ. എഫ്.ഐ. പ്രവര്‍ത്തകര്‍ കല്ലേറു നടത്തുകയായിരുന്നു.

കല്ലേറില്‍ ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയില്‍ പരിക്കേല്‍ക്കുകയുണ്ടായി. നൂറിലേറെ പേര്‍ പ്രതികളായുള്ള കേസില്‍ സി.ഒ.ടി. നസീര്‍ 80 ാം പ്രതിയാണ്. അന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഞാനും പങ്കെടുത്തിരുന്നു. എന്നാല്‍ മനസ്സില്‍ പോലും സങ്കല്‍പ്പിക്കാത്ത കാര്യമാണ് എനിക്കുമേല്‍ കുറ്റമായി ആരോപിക്കപ്പെട്ടത്.

മറ്റാരോ ഇടപെട്ടാണ് തന്നെ പ്രതിയാക്കിയത്. ഇത് നേരത്തെ തന്നെ താങ്കളെ കണ്ട് നേരിട്ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ നടന്നില്ല. തന്റെ അനുജന്‍ യൂനിസിന്റെ കല്ല്യാണത്തിന് ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് വരാന്‍ സാധിക്കാത്തതിനാല്‍ ആശംസകള്‍ നേര്‍ന്ന് കത്തും അയച്ചിരുന്നു.

പിന്നീട് അനുജനും ഭാര്യയും ആലപ്പുഴയില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ ആദ്ദേഹം ദമ്പതികളെ ആശീര്‍വദിച്ചിരുന്നു. അതിനു നന്ദി പറയാന്‍ കൂടിയാണ് താന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടതെന്നും നസീര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് താങ്കളോട് പരാതിയോ പ്രയാസമോ ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമാണ്. താങ്കളുടെ നിരപരാധിത്വം തനിക്ക് അറിയാമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അംഗത്വം പുതുക്കുമ്പോള്‍ മതവിഭാഗം വ്യക്തമാക്കുന്ന കോളം പൂരിപ്പിക്കണമെന്ന നിബന്ധനയില്‍ പ്രതിഷേധിച്ച് നസീര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.