കൊല്ലത്തെ വീട്ടമ്മയുടെ മരണം കൊലപാതകം; കാമുകന്‍ പിടിയില്‍

single-img
10 February 2018

കൊല്ലം: എഴുകോണ്‍ കടയ്ക്കാട് ഗുരുമന്ദിരത്തിനു സമീപം പ്രഭാ മന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖ (40) യുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയ ബന്ധുവായ എഴുകോണ്‍ ഇടക്കോട് വിനോദ് ഭവനില്‍ ബിനു(39)നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറല്‍ പൊലീസ് മേധാവി ബി അശോകനു കിട്ടിയ രഹസ്യ വിവരമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.

കടയ്‌ക്കോട് പ്രഭാ മന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. എന്നാല്‍ കഴുത്തിലും മുഖത്തും കണ്ട നിറ വ്യത്യാസം പോലീസിന് സംശയംതോന്നി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ഒളിവില്‍ കഴിയവെ കേരളപുരത്ത് നിന്നുമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ബിന്ദുലേഖയുടെ ഭര്‍ത്താവ് അനൂപിന്റെ അകന്ന ബന്ധുവാണ് പ്രതി ബിനു.

ഇരുവരും തമ്മില്‍ വീട്ടുകാര്‍ അറിയാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പട്ട ദിവസം തര്‍ക്കമുണ്ടായി. ഭര്‍ത്താവ് അനൂപും രണ്ടുമക്കളും ബിന്ദുലേഖയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങിയെന്ന് ബിന്ദുലേഖ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബിനു വീടിനുള്ളില്‍ കയറി അവരുടെ കിടപ്പുമുറിയിലെത്തി തറയിലിരുന്നു.

ബിന്ദുലേഖയോട് മടിയില്‍ കിടക്കാന്‍ പറഞ്ഞു. സൗഹൃദം നടിച്ച് തലോടുന്നതിനിടയില്‍ കഴുത്തിലും വായിലും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയശേഷം കട്ടിലില്‍ എടുത്ത് കിടത്തി. പുതപ്പ് കൊണ്ട് ശരീരം മൂടിയശേഷം അടുക്കള വാതിലിലൂടെ രക്ഷപെടുകയായിരുന്നു.

രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ എത്തി വിളിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. തന്റെ അഞ്ചാലുംമൂട്ടിലെ കുടുംബവീട്ടിലേക്ക് താമസം മാറുമെന്ന് ബിന്ദുലേഖ പറഞ്ഞതും ബിനുവിന്റെ വിദ്വേഷത്തിന് കാരണമായതായി പോലീസ് പറഞ്ഞു. എഴുകോണ്‍ സ്റ്റേഷനില്‍ എട്ട് മോഷണ കേസിലെ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഴുവര്‍ഷത്തോളമായി ബിനുവുമായി ബിന്ദു അടുപ്പത്തിലായിരുന്നു. ബിന്ദുലേഖയുടെ ഭര്‍ത്താവ് അനൂപ് മാനസികരോഗത്തിന് ചികിത്സ തേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബിനുവാണ്. അന്നുതുടങ്ങിയ അടുപ്പമാണ്. മോഷണക്കുറ്റത്തിനു ബിനു ജയിലില്‍ കിടന്നപ്പോള്‍ വക്കീല്‍ ഫീസ് നല്‍കി ജാമ്യത്തിലിറക്കിയതു ബിന്ദുലേഖയാണ്.

അടുത്തിടെ ബിന്ദുലേഖക്ക് 72,000 രൂപയുടെ ആവശ്യമുണ്ടായപ്പോള്‍ ബിനുവിനോടു ചോദിച്ചപ്പോഴാണ് വാക്കുതര്‍ക്കമുണ്ടായത്. കേരളപുരത്തുള്ള ഒരു ഫര്‍ണീച്ചര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി. വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിലെ ലോഡ്ജിലായിരുന്നു താമസം.