ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ച്

single-img
10 February 2018

തിരുവനന്തപുരം: പൊലീസ് ഡിജിപിയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് നിയമനമെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഐപിസി നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ അനുമതി തേടുകയോ ഔദ്യോഗികമായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ നിയമനം ചട്ടലംഘനമാകും. ഐപിഎസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്.

ഇതില്‍ പ്രധാനപ്പെട്ട ഒരു കേഡര്‍ തസ്തിക 11 മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ആറ് മാസത്തില്‍ കൂടുതല്‍ അധിക ചുമതല നല്‍കാന്‍ പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കുന്നു.ബെഹ്‌റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നത്.

അതിനിടെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പ്രവര്‍ത്തനം മോശമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബെഹ്‌റ ചുമതലയേറ്റതോടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ 13 കേസുകളിലാണു തെളിവില്ലെന്നു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയത്.

അഴിമതികേസുകളില്‍ പെട്ട പൊലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍, ചുമതലയേറ്റ 11 മാസത്തിനിടെ റദ്ദാക്കി. ഉന്നതര്‍ക്കെതിരെ അന്വേഷണം മുറുകുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും വിജിലന്‍സില്‍ പതിവാണ്.
ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട 688 ത്വരിത പരിശോധനകളാണു ബെഹ്‌റ വിജിലന്‍സിന്റെ ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്നത്.

അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അനധികൃത സ്വത്തുസമ്പാദനം, തൃശൂര്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെയുള്ള ക്വാറി കൈക്കൂലി വിവാദം ഉള്‍പ്പെടെ 13 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകളില്‍ തെളിവില്ലെന്നു ചൂണ്ടികാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സികുട്ടിയമ്മ തുടങ്ങിയവര്‍ക്കെതിരെയുള്ള ആരോപണങ്ങളിലും തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇ.പി.ജയരാജനെതിരെ കേസെടുത്തതു തെറ്റായിപ്പോയെന്നു സത്യവാങ്മൂലം നല്‍കി. കൂടാതെ ഇനിയും ഒട്ടേറെ കേസുകളില്‍ തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കാനുള്ള തയാറെടുപ്പിലുമാണ്.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കണമെന്നും തന്റെ കൂടി അനുമതിയോടെ മാത്രമേ കേസെടുക്കാവൂ എന്ന നിര്‍േദശവും ബെഹ്‌റ നല്‍കിയിട്ടുണ്ട്. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അന്വേഷണത്തിനുപോലും മടിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റുകയും ചെയ്തു.