എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം: പ്രതി കേസന്വേഷിച്ച പോലീസുകാരന്‍

single-img
10 February 2018

എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍. ജമ്മു കാശ്മീരിലെ കത്വവ ജില്ലയിലാണ് നാടോടി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഹീരാനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്പിഒ ഖുജരിയ(28) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ കാണാതായ കേസില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ. കഴിഞ്ഞ മാസം പത്തിനാണ് കത്വ ജില്ലയിലെ രസാനയില്‍നിന്നു പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരാഴ്ചയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം, പീഡനത്തിനിരയാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

സംഭവത്തില്‍ കത്വ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ കുറ്റക്കാരന്‍ ഇനിയും അറസ്റ്റിലായിട്ടില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടി ഉള്‍പ്പെടുന്ന ഗോത്ര സമൂഹത്തിലെ അംഗങ്ങള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ മാസം ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച ഇവരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു.

തുടര്‍ന്നും പ്രതിഷേധം ശക്തമായി തുടര്‍ന്നതോടെ അന്വേഷണം പോലീസില്‍നിന്നു ക്രൈം ബ്രാഞ്ചിനു കൈമാറി. കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ കുടുംബം പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. ഇതില്‍ പ്രകോപിതനായ ഖുജാരിയ അവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി.

ഇതിനുപിന്നാലെയാണ് അന്വേഷണം ഈ ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞത്. ഖജൂരിയയും കൗമാരക്കാരനും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തില്‍ ഖജൂരിയയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവ് ലഭിച്ചതായും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചപ്പോള്‍ അന്വേഷണത്തിനു ഖുജാരിയയും മുന്‍പില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതും മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമെല്ലാം മുന്‍നിശ്ചയ പ്രകാരമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.

കുറ്റസമ്മതം നടത്തിയ ഉദ്യോഗസ്ഥന്‍, പെണ്‍കുട്ടിയുടെ സമുദായത്തിനുള്ളില്‍ ഭയം വളര്‍ത്തുന്നതിനായിരുന്നു കൊലയെന്നാണു മൊഴി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.