കാശ്മീരിൽ സൈനിക ക്യാമ്പിൽ ഭീകരാക്രമണം

single-img
10 February 2018


ജമ്മു: ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിനുള്ളിൽ കടന്ന ഭീകരർ സൈനികർക്ക് നേരെ നിറയൊഴിച്ചു. സുഞ്ജുവാൻ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ 4.55 നാണ് സംഭവം. ക്യാമ്പിനുള്ളിൽ ഇരച്ചുകയറിയ ഭീകരർ വെടിവക്കുകയായിരുന്നു.
വെടിശബ്ദം കേട്ടയുടൻ പ്രദേശത്ത് വിവിധ ആക്ഷൻ ടീമുകളെ വിന്യസിച്ചു. നാലോളം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സംശയിക്കുന്നത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു.
ബങ്കറിന് പുറത്ത് കാവൽ നിൽക്കുകയായിരുന്ന ജവാനാണ് സംശയകരമായ രീതിയിൽ അനക്കം കണ്ടതെന്ന് ജമ്മു പോലീസ് ഐ.ജി എസ്. ഡി. സിങ് ജാംവാൽ പറഞ്ഞു. ‘ജവാന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് ഭീകരർ വെടിവക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സൈന്യം പ്രത്യാക്രമണം നടത്തി.’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരരുടെ എണ്ണം കൃത്യമായി പറയാൻ ആകില്ലെന്നും അവരെ ഒരു ഫാമിലി കോട്ടേജിൽ ഒതുക്കാനായെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കനത്ത സുരക്ഷയൊരുക്കിയ ക്യാമ്പിലെ എല്ലാ വഴികളും അടച്ചിരിക്കുകയാണ്.

ഒരു ഹവിൽദാറിനും മകൾക്കും ആണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.ക്യാമ്പിൽ സൈനിക കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ആണ് ആക്രമണമുണ്ടായത്. ജമ്മു നഗരത്തിൻറെ ഹൃദയത്തിലാണ് സുഞ്ജുവാൻ സൈനിക ക്യാമ്പ്. ജയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. 2013 ഫെബ്രുവരി ഒമ്പതിന് തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തിൻറെ പശ്ചാത്തലത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഇൻറലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.