എന്തിനാണ് ആളുകള്‍ പണം കൊടുത്ത് വിഷം വാങ്ങിക്കഴിക്കുന്നത്?; ശ്രീനിവാസന്‍ ചോദിക്കുന്നു

single-img
9 February 2018


എന്തിനാണ് ആളുകള്‍ വിഷം വാങ്ങിക്കഴിക്കുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. പണ്ടത്തെ കാലമൊക്കെ പോയി. ഇപ്പോള്‍ പണമുണ്ടാക്കാനായി ആളുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിഷമാണ് ചേര്‍ക്കുന്നത്. ഇത് തിരിച്ചറിഞ്ഞത് മുതല്‍ ഭക്ഷണം കഴിക്കാന്‍ തന്നെ പേടിയായി.

അത് കൊണ്ടാണ് കുറച്ച് കാലമായി നെല്‍ക്കൃഷി ചെയ്യുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. സ്വന്തമായി പാടമൊന്നുമില്ല. മറ്റുള്ളവര്‍ കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങള്‍ ഏറ്റെടുത്ത് കൃഷി ചെയ്യുന്നു. തവിടില്ലാത്ത അരി കഴുകാന്‍ പാടില്ല. പക്ഷേ ഇപ്പോഴത്തെ കാലത്ത് അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്.

വെളുപ്പിച്ച അരി കഴിക്കാന്‍ തുടങ്ങിയത് മുതലാണ് കുഷ്ടരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിട് കളയാത്ത അരിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തവിടെണ്ണയും വളരെ നല്ലതാണ്. 25 മുതല്‍ 30 ദിവസം കൊണ്ട് മൂന്ന് കിലോ തൂക്കത്തിലെത്തുന്ന ബ്രോയിലര്‍ കോഴിയില്‍ കുത്തിവെയ്ക്കുന്ന ഹോര്‍മോണുകള്‍ മാരകമാണ്.

സാധാരണഗതിയില്‍ 6 മാസമെങ്കിലും എടുത്താണ് കോഴി പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത്. മന്ത് രോഗത്തിനുള്ള മരുന്നാണ് ഇവയുടെ കണ്ണില്‍ ഒഴിക്കുന്നത്. ഇതോടെ കോഴിയുടെ ഹൃദയം തകരാറിലാകുന്നു. പിന്നീട് കോഴി കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദേഹത്ത് നീരായി പ്രത്യക്ഷപ്പെടും. ഇതിന് പുറമെ ആന്റിബയോട്ടികസും ഇവയ്ക്ക് നല്‍കും.

വില കൂടിയ ഷര്‍ട്ടും, ചെരുപ്പുമൊക്കെ വാങ്ങിയിട്ട് ആരോഗ്യമില്ലെങ്കില്‍ കാര്യമില്ലല്ലോ.. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ഒരാഴ്ച്ച കൂടുമ്പോഴാണത്രേ എണ്ണ മാറ്റുന്നതെന്നാണ് സുഹൃത്തായ ഷെഫ് പറഞ്ഞത്. ഒരു വട്ടം ഉപയോഗിച്ച എണ്ണ വീണ്ടും തിളപ്പിക്കുമ്പോല്‍ തന്നെ അത് വിഷമായി മാറും.

ഒരാഴ്ച്ചയൊക്കെ ആകുമ്പോല്‍ സോപ്പ് ഉണ്ടാക്കുന്നവര്‍ ഈ എണ്ണ വാങ്ങാന്‍ വരും. ഇല്ലെങ്കില്‍ ഇത് തന്നെ വീണ്ടും ഉപയോഗിക്കും. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ തനിക്ക് മാനസികരോഗമുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. എന്തിനാണ് ആളുകള്‍ പണം കൊടുത്ത് വിഷം വാങ്ങിക്കഴിക്കുന്നത്? 13 വര്‍ഷം മുന്‍പ് എറണാകുളത്ത് കൃഷി ചെയ്യാന്‍ വാങ്ങിയ സ്ഥലത്താണ് പീന്നീട് താന്‍ വീട് വെച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു.