മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരെ കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍

single-img
9 February 2018


ശരീരമനങ്ങാതെ വ്യായാമമില്ലാതെ ജീവിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇക്കാലത്ത് ഇരുന്നു ചെയ്യുന്നതരത്തിലുള്ള ഓഫീസ് ജോലികളാണ് കൂടുതലും. ഇത് വ്യായാമമില്ലാത്ത അവസ്ഥ ഉണ്ടാക്കും. പുതിയ പഠനം അനുസരിച്ച് ഇരുന്ന ജോലി ചെയ്യുന്നവര്‍ക്ക് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്.

6 മണിക്കൂറില്‍ കൂടുതല്‍ നേരം ഒരേയിരിപ്പിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ഇടയ്ക്കിടെ എഴുന്നേറ്റു ലഘുവ്യായാമങ്ങള്‍ ചെയ്താല്‍ പോലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോള്‍ (LDL) കൂടുന്നതായും നല്ല കൊളസ്‌ട്രോള്‍ (HDL) കുറയുന്നതായും പഠനത്തിലൂടെ തെളിഞ്ഞു. കുറേനേരം ഇരുന്ന് ജോലി ചെയ്തതിനു ശേഷം പിന്നീട് ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നതും അപകടമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കുറേ സമയം ശരീരം ഇളക്കാതെ ഇരുന്ന് പിന്നീട് കഠിന വ്യായമത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തെ ദോഷമായാണ് ബാധിക്കുക. ഇതിനുള്ള ഏകഉപായം കുറച്ച് സമയം ഇരിക്കുകയും കൂടുതല്‍ സമയം നടക്കുകയും മറ്റും ചെയ്ത് ശരീരത്തിന് ആയാസം നല്‍കുകയെന്നത് മാത്രമാണ്.

കുറേ സമയം തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുമ്പോള്‍ തന്നെ നമ്മുടെ മസ്സിലുകള്‍ ആയാസപ്പെടുകയും ചെയ്യും.

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു ദിവസം 15000 ചുവട് നടക്കുകയും ഏഴു മണിക്കൂറോളം ഇരിക്കാതെ, നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ഇരുന്ന് ജോലി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെ മറികടക്കാനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.