രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുന്നു: ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് 0, 1, 2: ബിജെപിയുടെ ഇലക്ഷന്‍ ഏജന്റുമാര്‍ പോലും പാര്‍ട്ടിക്കു വോട്ടുചെയ്തില്ല

single-img
9 February 2018

വസുന്ധര രാജെ ഭരിക്കുന്ന രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുന്നു. രാജ്യത്ത് ഏറ്റവും ഒടുവില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ ബിജെപിയെ വീണ്ടും ഞെട്ടിച്ച വോട്ടുകണക്കുകള്‍ പുറത്ത്. പല ബൂത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടുകളാണു ബിജെപിയുടെ സമ്പാദ്യം.

ചിലയിടങ്ങളില്‍ ഒരു വോട്ടുപോലും നേടാനാകാതെ ബിജെപി സ്ഥാനാര്‍ഥികള്‍ ‘സംപൂജ്യ’രായിട്ടുമുണ്ട്. എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും മുന്നിലെത്താന്‍ ബിജെപിക്ക് ആയില്ല.

ബിജെപിയുടെ സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജനപ്രതിനിധികള്‍ മരിച്ച ഒഴിവില്‍ ബന്ധുക്കളെ മത്സരിപ്പിച്ചിട്ടും സഹതാപ തരംഗം പോലും ഫലിച്ചില്ല. നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223ാം നമ്പര്‍ ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കു കിട്ടിയത് വെറും ഒരു വോട്ട്.

കോണ്‍ഗ്രസിന് 582. ബൂത്ത് 224 ല്‍ ബിജെപി രണ്ടു വോട്ടു നേടി നില ‘മെച്ചപ്പെടുത്തി’യപ്പോള്‍ കോണ്‍ഗ്രസിന് 500.
ദുധു നിയമസഭാ മണ്ഡലത്തില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ കഷ്ടമാണ്. 49–ാം ബൂത്തില്‍ ഭരണകക്ഷിക്ക് ഒരു വോട്ടു പോലും നേടാനായില്ല.

കോണ്‍ഗ്രസിന് ഇവിടെ 337 വോട്ടുണ്ട്. ബിജെപിയുടെ ഇലക്ഷന്‍ ഏജന്റുമാര്‍ പോലും പാര്‍ട്ടിക്കു വോട്ടുചെയ്തില്ലെന്നതാണു സത്യം. അല്‍വര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ ഡോ. കരണ്‍സിങ് യാദവ് 1,96,496 വോട്ടുകള്‍ക്കാണു സംസ്ഥാന തൊഴില്‍മന്ത്രിയായ ബിജെപി സ്ഥാനാര്‍ഥി ഡോ.ജസ്വന്ത് സിങ് യാദവിനെ കീഴടക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 6,42,416 വോട്ടു ലഭിച്ചപ്പോള്‍ ബിജെപി 4,45,920 വോട്ടുകള്‍ നേടി. 2014 ല്‍ ബിജെപി 2.5 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണിത്. രണ്ടു ലക്ഷത്തോളം വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പില്‍ ഒലിച്ചുപോയത്. അജ്‌മേര്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ 84,414 വോട്ടുകള്‍ക്കു ബിജെപിയുടെ രാംസ്വരൂപ് ലാംബയെ കീഴടക്കി.

രഘു ശര്‍മ 6,11,514 വോട്ടുകളും രാംസ്വരൂപ് 5,27,100 വോട്ടുകളും നേടി. മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിവേക് ധക്കര്‍, ബിജെപിയുടെ ശക്തിസിങ് ഹഡയെ 12,976 വോട്ടുകള്‍ക്കാണു തോല്‍പിച്ചത്. കോണ്‍ഗ്രസിന്റെ വിജയവും തങ്ങളുടെ തോല്‍വിയും തമ്മില്‍ ഇത്ര അന്തരമുണ്ടാകുമെന്നു കരുതിയില്ലെന്നു ബിജെപി വൃത്തങ്ങള്‍ പറയുന്നു.

ഏഴു മാസത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായിരുന്നു അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍. രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും, വിമത സ്ഥാനാര്‍ഥിയുണ്ടായിട്ടും ഒരു നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസിനായിരുന്നു ഉജ്വല വിജയം. മൂന്നിടത്തും പിടിച്ചെടുത്തതു ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍.

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിവിധ സാമുദായിക വിഭാഗങ്ങള്‍ക്കു മുഖ്യമന്ത്രി വസുന്ധര രാജെയോടുള്ള അതൃപ്തി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള നടപടികള്‍ മൂലം പ്രതിസന്ധിയിലായ വ്യാപാര–വാണിജ്യ മേഖല എന്നിവയൊക്കെ പരാജയത്തിന് കാരണമായെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.