സിറിഞ്ച് ഉപയോഗത്തിലൂടെ എച്ച്.ഐ.വി ബാധ: വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

single-img
9 February 2018


കാന്‍പൂര്‍: ഒരു സിറിഞ്ച് തന്നെ തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ 20 ല്‍ അധികം പേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടായ സംഭവത്തില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബംഗര്‍മൗ പട്ടണത്തില്‍ നിന്നാണ് രാജേഷ് കുമാര്‍ എന്ന വ്യാജനെ പോലീസ് അറസ്റ്റു ചെയ്തത്. ജില്ല മജിസ്ട്രേറ്റ് രവി കുമാര്‍ എന്‍.ജിയുടെ നിര്‍ദേശാനുസരണം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സമീപ പ്രദേശത്തെ ഗ്രാമങ്ങളില്‍ ചെലവുകുറഞ്ഞ ചികിത്സ എന്ന പേരിലാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചത്. ഒരു കുടിലില്‍ ഒരുക്കിയ താത്കാലിക ക്ലിനിക് ആയിരുന്നു ചികിത്സ കേന്ദ്രം.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകയാണ് ചോദ്യം ചെയ്യലില്‍ വ്യാജന്‍ നടത്തിയതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ പ്രതാപ് സിങ് പറഞ്ഞു. മുമ്പ് ഒരു ഡോക്ടറുടെ കൂടെ കമ്പൗണ്ടറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് രാജേഷ് കുമാര്‍. അവിടെ നിന്നും മരുന്നുകളെ കുറിച്ച് അല്‍പം വിവരങ്ങള്‍ മനസിലാക്കിയത് വച്ചാണ് ഇയാള്‍ സ്വയം ഡോക്ടര്‍ കുപ്പായവുമായി ഇറങ്ങിയത്. ഇയാള്‍ ഈടാക്കുന്ന തുക കുറവാണെന്ന് കണ്ടതോടെ രോഗികളുടെ നിര തന്നെ ദിവസവും തേടിയത്തെി. ‘തന്‍െറ ‘ക്ലിനിക്കില്‍’ രണ്ട്-മൂന്നു മണിക്കൂറുകള്‍ ഇയാള്‍ തങ്ങും. വെറും 10 രൂപ നല്‍കിയാല്‍ മരുന്നും കുത്തിവയ്പും ലഭിക്കും. ഇതേതുടര്‍ന്ന് ആളുകളുടെ ഒഴുക്കായിരുന്നു. എച്ച്.ഐ.വി ബാധിച്ചവരോട് സംസാരിച്ചതില്‍ നിന്നാണ് അവര്‍ ഇയാളില്‍ നിന്ന് ചികിത്സ തേടിയതായി വ്യക്തമായത്.’ – പ്രദേശത്തെ കമ്യൂണിറ്റി സെന്‍റര്‍ സൂപ്രണ്ടായ പി.കെ ദോഹ്റെ പറഞ്ഞു.
പ്രദേശത്ത് ഒരു എന്‍.ജി.ഒ നടത്തിയ മെഡിക്കല്‍ ക്യാമ്പിനെ തുടര്‍ന്ന് എച്ച്.ഐ.വി ലക്ഷണങ്ങളുള്ള നിരവധി പേരെ കണ്ടെത്തിയതാണ് സംഭവം വെളിച്ചത്ത് വരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടന്നു. മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് 566 പേരെ വിശദ പരിശോധനകള്‍ നടത്തിയതോടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. 38 പേര്‍ക്ക് എച്ച്.ഐ.വിയുടെ ലക്ഷണങ്ങളും 21 പേര്‍ക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.