“ട്രിനിറ്റി ലൈസിയം സ്കൂളില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞെത്തിയ അധ്യാപികമാര്‍ക്ക് വരവേല്‍പ് നല്‍കിയ പ്രിന്‍സിപ്പലിനെ പുറത്താക്കണം”

single-img
9 February 2018

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന അധ്യാപികമാര്‍ തിരിച്ചത്തെിയപ്പോള്‍ വന്‍ വരവേല്‍പ് നല്‍കിയത് പ്രിന്‍സിപ്പലിന്‍െറ നേതൃത്വത്തിലായിരുന്നു. കേക്ക് മുറിച്ചും റോസാപ്പൂ നല്‍കിയുമാണ് അധ്യാപികമാരെ സ്വാഗതം ചെയ്തത്.

ഇതിന്‍െറ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും സംഭവം വിവാദമാകുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പലിനോട് രണ്ട് തവണ വിശദീകരണം ചോദിച്ചു. എന്നാല്‍, രണ്ട് പ്രാവശ്യവും പ്രിന്‍സിപ്പലിന്‍െറ വിശദീകരണം തൃപ്തികരമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് കത്ത് നല്‍കിയത്.

അധ്യാപികമാരെ വരവേറ്റ പ്രിന്‍സിപ്പലിന്‍െറ നടപടി പൊതുസമൂഹത്തിനോടും സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു. കൂടാതെ പ്രിന്‍സിപ്പലിന് 60 വയസ് കഴിഞ്ഞെന്നും ചട്ടപ്രകാരം 60 കഴിഞ്ഞ ആള്‍ പ്രിന്‍സിപ്പലായി തുടരാന്‍ പാടില്ല എന്നും ചൂണ്ടികാട്ടിയിട്ടുണ്ട്.

നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം സ്കൂളിന് എന്‍.ഒ.സി നല്‍കരുതെന്ന് ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെടും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഗൗരിയുടെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഗൗരിയുടെ പിതാവിന് ഉറപ്പു നല്‍കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗൗരി ആത്മഹത്യ ചെയ്തത്. അധ്യാപികമാരായ നാന്‍സി ക്രെസന്‍റിന്‍െറയും സിന്ധുവിന്‍െറയും മാനസിക പീഡനമാണ് വിദ്യാര്‍ഥിനിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് കേസ്.

ഏറെ കോലാഹലങ്ങള്‍ക്ക് ശേഷമാണ് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്യാന്‍ പോലും സ്കൂള്‍ മാനേജ്മെന്‍റ് തയ്യാറായത്. ആത്മഹത്യ പ്രേരണ കുറ്റമാണ് അധ്യാപികമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിലായിരുന്ന ഇരുവരും ഹൈക്കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ നവംബറില്‍ കൊല്ലം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം നേടിയ അധ്യാപികമാര്‍ ആഴ്ചതോറും പോലീസിന് മുന്നില്‍ ഹാജരായി വരികയാണ്.