പരസഹായമില്ലാതെ എണീറ്റു നില്‍ക്കാന്‍പോലും ആവില്ല: ഒരാപത്ത് വന്നപ്പോള്‍ തെരുവോരം മുരുകനെ ഒരാളും തിരിഞ്ഞുനോക്കിയില്ല

single-img
9 February 2018


ആരോരുമില്ലാത്തവര്‍ക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകന്‍ ഇടത്കാലിന്റെ മുട്ടുതകര്‍ന്ന് കിടപ്പിലായപ്പോള്‍ തുണയേകാന്‍ ആരുമില്ലാതായി. എറണാകുളം ഗാന്ധിനഗറിലെ വീട്ടില്‍ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന മുരുകന്റെ രക്ഷയ്ക്കായി ഇതുവരെ ആരുമെത്തിയില്ല.

എറണാകുളം സൗത്ത് റെയില്‍വേ പാലത്തിനടുത്തുവെച്ച് മാനസികമായി വെല്ലുവിളിനേരിടുന്ന യുവാവിന്റെ ഇരുമ്പുകമ്പികൊണ്ടുള്ള ആക്രമണത്തിലാണ് മുരുകന്റെ കാല്‍ മുട്ടിന് പരിക്കേറ്റത്. ഈ യുവാവ് അലഞ്ഞു തിരിയുന്നതായി അറിഞ്ഞ് മുരുകന്‍ ഓട്ടോറിക്ഷ ഓടിച്ചാണ് എത്തിയത്.

‘തെരുവുവെളിച്ചം’ അഭയ കേന്ദ്രത്തിലെ സഹായികളും ഒപ്പമുണ്ടായിരുന്നു. തമിഴ്‌നാട് യുവാവിനെ ഓട്ടോയില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുള്ള ചാക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടു. അതെടുത്ത് മടങ്ങിയ യുവാവ് ചാക്കിലുണ്ടായിരുന്ന ഇരുമ്പു വടികൊണ്ട് മുരുകന്റെ മുട്ടില്‍ ആഞ്ഞടിച്ച് ഓടിക്കളഞ്ഞു.

അടിയുടെ ആഘാതത്തില്‍ ബോധംകെട്ടു വീണ മുരുകന്റെ മുട്ടു ചിരട്ട തകര്‍ന്നു. കോഴിക്കോട് ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ പൂര്‍ണമായും കിടക്കയിലാണ്. പ്രാഥമികകാര്യങ്ങള്‍ പോലും പരസഹായമില്ലാതെ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.

രാഷ്ട്രപതിയുടെ സാമൂഹിക സേവന പുരസ്‌കാരം ഉള്‍പ്പെടെ നേടിയ മുരുകന്‍ കടം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്നുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ മുരുകന്‍ ബുദ്ധിമുട്ടുകയാണ്. ഇനിയും മൂന്നു മാസത്തോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

‘ഓട്ടോ ഓടിക്കലാണ് അറിയാവുന്ന മറ്റൊരു ജോലി. നിലവിലെ ആരോഗ്യസ്ഥിതിയില്‍ അതിനുമാകില്ല. ഭാര്യ ഇന്ദുവും മൂന്നു വയസ്സുള്ള മകന്‍ ഹരിശങ്കറും ബന്ധുക്കളുടെ സഹായത്തിലാണ് ജീവിക്കുന്നത്. അവര്‍ക്കും തങ്ങളെ എത്രകാലം സഹായിക്കാനാകും?’ മുരുകന്‍ ചോദിക്കുന്നു. സര്‍ക്കാരോ മറ്റ് സംഘടനകളോ ഒന്നും സഹായത്തിനായി ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെങ്കിലും തനിക്ക് അതില്‍ പരാതിയോ പരിഭവമോ ഇല്ലെന്ന് മുരുകന്‍ പറയുന്നു.

എറണാകുളം നഗരത്തില്‍ പഴയ സാധനങ്ങള്‍ പെറുക്കിവിറ്റ് ജീവിച്ച ബാല്യമാണ് മുരുകന്റേത്. ഓട്ടോറിക്ഷ ഓടിച്ചുതുടങ്ങിയപ്പോഴാണ് തെരുവില്‍ അലയുന്ന കുഞ്ഞുങ്ങളെ രക്ഷിച്ചുതുടങ്ങിയത്. അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ കാമറയും ആയുധമാക്കി.

ആയിരക്കണക്കിന് തെരുവുമക്കളെ മുരുകന്‍ രക്ഷിച്ചിട്ടുണ്ട്. മുരുകന്റെ സേവനങ്ങളെ മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ തെരുവുവെളിച്ചം’ എന്ന പേരില്‍ കാക്കനാട്ട് തെരുവുമക്കള്‍ക്കുള്ള പുനരധിവാസകേന്ദ്രം നടത്തുന്നതിനുള്ള അനുവാദവും സ്ഥലവും കെട്ടിടവും നല്‍കി. തെരുവുവെളിച്ചത്തില്‍ ഇപ്പോള്‍ 39 അന്തേവാസികളുണ്ട്.