വാര്‍ത്തകള്‍ തള്ളി മന്ത്രി എംഎം മണി; കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ല

single-img
9 February 2018

തിരുവനന്തപുരം: കെഎസ്ഇബിയിലെ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ വകുപ്പ് മന്ത്രി എംഎം മണി തള്ളി. കെഎസ്ഇബിയില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങുന്ന സാഹചാര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. കെഎസിഇബിയിലെ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഒരു ലക്ഷം കോടിയുടെ ആസ്തിയുള്ള സ്ഥാപനമാണ് കെഎസ്ഇബി. 7,500 കോടി രൂപയുടെ കടം മാത്രമാണ് ബോര്‍ഡിനുള്ളത്. അത് പരിഹരിക്കപ്പെടും. ലക്ഷക്കണക്കിന് രൂപയാണ് പിരിഞ്ഞ് കിട്ടാനുള്ളത്. അതുകൊണ്ട് പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥ കെഎസ്ഇബിയില്‍ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും ഒരുപോലെയല്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് അഞ്ച് വര്‍ഷമായി തുക വകയിരുത്തുന്നില്ലെന്നും പെന്‍ഷന്‍ വിതരണം അവതാളത്തിലേക്ക് നീങ്ങുകയാണെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. പ്രതിസന്ധി വ്യക്തമാക്കുന്ന ബോര്‍ഡ് ചെയര്‍മാന്റെ കത്തും പുറത്തുവന്നിരുന്നു.