കല്യാണം ഇപ്പോള്‍ വേണ്ടെന്ന് ജപ്പാന്‍ രാജകുമാരി; സാധാരണക്കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച രാജകുമാരി ഇപ്പോള്‍ വേണ്ടെന്ന് പറയാന്‍ കാരണം ഇതാണ്

single-img
9 February 2018


ടോക്കിയോ: ജപ്പാന്‍ രാജകുമാരി മാകോയുടെ വിവാഹം മാറ്റിവെച്ചു. സാധാരണക്കാരനായ യുവാവുമായുള്ള വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിവാഹം മാറ്റിവെച്ചത്. പക്വതയെത്താത്തതാണ് വിവാഹമാറ്റത്തിന് കാരണമായി രാജകുടുംബം അറിയിച്ചത്. നിലവില്‍ തീയ്യതി അടക്കം പ്രഖ്യാപിച്ച രാജകീയ വിവാത്തിന് മാറ്റം വരുന്നത് ജപ്പാന്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.

രാജകുടുംബത്തിന്റെ ഔദ്യോഗിക ഇന്‍ഹൗസ് ഏജന്‍സി ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് വിവാഹമാറ്റിവെക്കല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. വിവാഹ ശേഷമുള്ള ജീവിതത്തിന് ഒരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് വിവാഹം നീട്ടിവെക്കുന്നതായി രാജകുമാരി അറിയിച്ചത്.

പക്വതയില്ലായ്മയാണ് ഇതിനു കാരണമായതെന്ന് പത്രകുറിപ്പ് പറയുന്നു. രാജകുമാരിയുടെ വീട്ടുകാര്യങ്ങള്‍ നോക്കുന്ന മേല്‍നോട്ടകാരിയാണ് പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. അതേസമയം അക്കമിട്ട് കാരണങ്ങള്‍ വിശദീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ എന്ന സാധാരണക്കാരനെയാണ് മോകോ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മെയിലാണ് 26കാരിയായ രാജകുമാരി മാകോയും അതേ പ്രായക്കാരനായ കെയി കോമുറുവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

മാകോയുടെ കോളെജിലെ സഹപാഠിയും കാമുകനുമാണ് കോമുറു. ഞങ്ങള്‍ പലകാര്യങ്ങളും ധൃതി പിടിച്ച് ചെയ്തു. പെട്ടെന്നുള്ള തീരുമാനം ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചുവെന്നും സ്വയം വിമര്‍ശനത്തോടെ രാജകുമാരി അറിയിച്ചു. 2020 വരെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്നും അറിയുന്നു.

2012ല്‍ ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്. ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.