ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മാലിദ്വീപില്‍ അറസ്റ്റില്‍

single-img
9 February 2018


മാലിദ്വീപ്: രാഷ്ട്രീയ അന്തരീക്ഷം നീറിപ്പുകയുന്ന മാലിദ്വീപില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്. വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണല്‍ ആണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. രണ്ട് മാധ്യമപ്രവര്‍ത്തകരും പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയിലെ ജീവനക്കാരാണ്.പാരിസ് ആസ്ഥാനമായ വാര്‍ത്ത ഏജന്‍സി ആണ് എ.എഫ്.പി. മാലിദ്വീപ് പോലീസ് അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, മാലിദ്വീപിലെ പ്രതിപക്ഷ അനുകൂല ചാനലിന് വെള്ളിയാഴ്ച അടച്ചുപൂട്ടേണ്ടിവന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന ഭീഷണികളാണ് ‘രാജേ ടിവി’ യുടെ തത്സമയ സംപ്രേക്ഷണം നിര്‍ത്താന്‍ കാരണമായത്. തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് ചാനല്‍ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ചാനലാണ് രാജേ ടിവി. സൈന്യം രാജ്യത്തെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതായി വാര്‍ത്ത വെബ്സൈറ്റായ ‘ദ മാലിദ്വീപ് ഇന്‍ഡിപെന്‍റഡ്’ റിപ്പോര്‍ട്ട് ചെയ്തു.