കാര്‍ട്ടൂണ്‍ ചിത്രമല്ല, ഇതൊരു ലുക്ക് ഔട്ട് നോട്ടീസ്; കള്ളനെ തിരിച്ചറിയാന്‍ സഹായിച്ചത് ദൃക്‌സാക്ഷി വരച്ച ചിത്രം

single-img
9 February 2018

പെന്‍സില്‍വാനിയ: കള്ളനെ പിടികൂടാന്‍ കേസിലെ ദൃക്‌സാക്ഷി വരച്ച ചിത്രം ഒടുവില്‍ ഒരു അറസ്റ്റ് വാറണ്ടിന് വഴിവെച്ചു. ചിത്രം കണ്ടാല്‍ ഏതോ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമാണെന്നേ ആദ്യം തോന്നൂ. എന്നാല്‍ ചിത്രം ഉപകരിക്കപ്പെട്ടു. കള്ളനെ തിരിച്ചറിഞ്ഞു.

ജനുവരി 30ന് കാര്‍ഷിക ചന്തയില്‍ നിന്ന് പണവുമായി കടന്നയാളെകുറിച്ച് യാതൊരു സൂചനയും ലഭിക്കാതായാതോടെയാണ് ദൃക്‌സാക്ഷി ഓര്‍മ്മയില്‍ നിന്ന് കള്ളന്റെ മുഖം ഓര്‍ത്തെടുത്ത് ചിത്രം വരച്ചത്. പെന്‍സില്‍വാനിയ പൊലീസ് ഇത് സ്വീകരിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വരയ്ക്കാന്‍ പഠിക്കുന്ന ഒരു കൊച്ചു കുട്ടി വരയ്ക്കുന്ന പോലെ ഒരു മുഖമാണ് ദൃക്‌സാക്ഷി വരച്ചു നല്‍കിയത്. നൂയെന്‍ എന്ന പ്രതിയെ ഈ ചിത്രം ഉപയോഗിച്ച് പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. രണ്ട് മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നൂയെന്നിന്റെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘തൃകോണാകൃതിയിലുള്ള മുഖവും, വരപോലെ മുടിനാരുകളും, എല്‍ ആകൃതിയില്‍ മൂക്ക്, കുത്തു പോലെ കണ്ണുകള്‍’. എളുപ്പത്തില്‍ പറയാവുന്ന ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് വരയ്ക്കാവുന്ന ഒരു നിസ്സാര ചിത്രമായിരുന്നു അയാള്‍ വരച്ചത്.

എന്നാല്‍ ചിത്രവുമായി താന്‍ പണ്ട് നേരിട്ട് കണ്ട ഒരു കുറ്റവാളിയുടെ മുഖവുമായി പൊലീസിന് തോന്നിയ സംശയമാണ് അന്വേഷണത്തിന്റെ ചുരുളഴിച്ചത്. ഈ കാര്‍ട്ടൂണ്‍ ചത്രവുമായി സാമ്യം തോന്നുന്ന എല്ലാ കുറ്റവാളികളുടെയും ചിത്രങ്ങള്‍ ദൃക്‌സാക്ഷിക്ക് കാണിച്ചു കൊടുത്താണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.