ചരിത്രമെഴുതി ഒരു കൊറിയന്‍ ഹസ്തദാനം

single-img
9 February 2018

ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍െറ സഹോദരി കിം യോ ജോങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നിന് ഹസ്തദാനം നല്‍കുന്നു


ദക്ഷിണകൊറിയ: ഏതുനിമിഷവും യുദ്ധമാകാം എന്ന സാഹചര്യം നിലനില്‍ക്കെ ഒരു ചരിത്ര ഹസ്തദാനമൊരുക്കിയ ഊഷ്ളതയുടെ അമ്പരപ്പിലാണ് കൊറിയന്‍ ഉപദ്വീപ്. ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്‍ ആ ഹസ്തദാനത്തിന്‍െറ ഒരു വശം നില്‍ക്കുമ്പോള്‍ മറുവശത്ത് പുഞ്ചിരി തൂകി നിന്നത് ഉത്തരകൊറിയയില്‍ നിന്ന് എത്തിയ കിം യോ ജോങ്ങാണ്. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍െറ സഹോദരിയാണ് കിം യോ ജോങ് എന്നറിയുമ്പോഴാണ് ഈ ഹസ്തദാനത്തിന്‍െറ പ്രാധാന്യം മനസ്സിലാകുക. ദക്ഷിണ കൊറിയ ആതിഥ്യമരുളുന്ന പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്സിന്‍െറ ഉദ്ഘാടനവേദിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതക്ക് താത്കാലിക മഞ്ഞുരുക്കം സമ്മാനിച്ച നിമിഷം പിറന്നത്. മാത്രമല്ല, അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ഉദ്ഘാടന വേദിയില്‍ ഇരുന്നത് ഉത്തര കൊറിയന്‍ പ്രതിനിധികള്‍ക്ക് സമീപമാണ്. കിം യോ ജോങ്ങിനൊപ്പമുള്ള പെന്‍സിന്‍െറ ചിത്രങ്ങളും പുറത്തുവന്നു.

കിം യോ ജോങ്ങിന് സമീപം അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക് പെന്‍സ്

ചടങ്ങിന്‍െറ മാര്‍ച് പാസ്റ്റില്‍ മുന്‍നിശ്ചയപ്രകാരം ഇരു രാജ്യങ്ങളും ഒരേ പതാകക്ക് കീഴില്‍ ‘കൊറിയ’ എന്ന പേരുമായി ഒരുമിച്ച് ആണ് പങ്കെടുത്തത്. ഇതിന് മുമ്പും ഒളിമ്പിക്സുകളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് മാര്‍ച്ച് ചെയ്തിട്ടുണ്ട്. 2006 ല്‍ ടൂറിനില്‍ നടന്ന ശൈത്യകാല ഒളിമ്പിക്സിലാണ് ഇതിന് മുമ്പ് അവസാനമായി അവര്‍ ഒരുമിച്ചത്. കൂടാതെ, 2000 ലെ സിഡ്നി, 2004 ലെ ഏഥന്‍സ് ഒളിമ്പിക്സുകളിലും ഒരുമിച്ച് മാര്‍ച്ചുചെയ്തു. ഇത്തവണ ഐസ് ഹോക്കി മത്സരത്തില്‍ ഇരുടീമുകളും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ഈ ടീമിലെ ഇരു രാജ്യക്കാരായ രണ്ട് അംഗങ്ങളാണ് ഗെയിംസ് ദീപം തെളിയിച്ച ദക്ഷിണകൊറിയന്‍ ഫിഗര്‍ സ്കേറ്റര്‍ കിം യു നക്ക് ഒളിമ്പിക് ടോര്‍ച്ച് കൈമാറിയത്.

ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തയായ വ്യക്തിയായാണ് സഹോദരി കണക്കാക്കപ്പെടുന്നത്. വി.ഐ.പി ഗാലറിയില്‍ ഇരുന്ന കിം യോ ജോങ്ങിന് അവിടേക്ക് പ്രവേശിക്കുമ്പോഴും കൊറിയന്‍ ടീം മാര്‍ച് പാസ്റ്റ് നടത്തുമ്പോഴും ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് ഹസ്തദാനം നല്‍കി. ആണവായുധം പ്രയോഗിക്കുമെന്നത് ഉള്‍പ്പെടെ മാസങ്ങളോളം നീണ്ടു നിന്ന ഭീഷണികള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയ സമ്മതം മൂളിയത്. അതുവഴി തുടക്കമായ നയതന്ത്ര തലത്തിലെ നല്ല മാറ്റങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ ഹസ്തദാനം. കൊറിയന്‍ യുദ്ധത്തിന് ശേഷം, ഉത്തര കൊറിയയില്‍ ഭരണ കുടുംബത്തിലെ ഒരു അംഗം ആദ്യമായാണ് ദക്ഷിണ കൊറിയയില്‍ എത്തുന്നത്. അതിര്‍ത്തി കടന്ന് ആദ്യമായി ഒരു ഉന്നതതല സംഘം എത്തുന്നതും ആദ്യമായാണ്.