പിണറായി സര്‍ക്കാരിന് തിരിച്ചടി: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസില്‍ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

single-img
9 February 2018

കൊച്ചി: സര്‍ക്കാരിന് തിരിച്ചടിയായി പാറ്റൂര്‍ കേസില്‍ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഫ്‌ലാറ്റ് കമ്പനിക്കുവേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്‌തെന്നുമാണു കേസ്. ആകെ അഞ്ച് പ്രതികളുള്ള കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. വിധി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും ആശ്വാസമാണ്.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നുപോയിരുന്ന ഭൂമി കയ്യേറിയെന്നും കമ്പനിക്ക് വേണ്ടി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം. വിധിന്യായത്തില്‍ ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.

അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും ഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ഉന്നയിക്കുന്നു. നേരത്തെ കേസ് പരിഗണിക്കുമ്പോഴും ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ട് വായിച്ചാല്‍ ജേക്കബ് തോമസ് ഒഴികെ മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നു തോന്നുമെന്നായിരുന്നു വിമര്‍ശനം. സെവേഗ പൈപ്പ് ലൈന്‍ മാറ്റാന്‍ ഭാരത് ഭൂഷണ്‍ ഉമ്മന്‍ ചാണ്ടിയും ആയി ഗൂഡാലോചന നടത്തി എന്നതിന് തെളിവില്ല.

കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ആണ് ഭാരത് ഭൂഷണ്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ജേക്കബ് തോമസിനോട് റിട്ടണ്‍ വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ല. ജേക്കബ് തോമസ് സോഷ്യല്‍ മീഡിയില്‍ പ്രതികളെ അപമാനിച്ചു.

പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് പ്രകാരം കേസ് നിലനിക്കില്ല എന്നും കോടതി വ്യക്തമാക്കി. 1, 3, 5 പ്രീതികള്‍ മാത്രമേ കോടതിയെ സമീപിച്ചിട്ടുള്ളൂ എങ്കിലും, മറ്റുള്ളവര്‍ക്കു എതിരെ ഉള്ള കേസും റദ്ദ് ചെയ്യുകയാണെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു.

പാറ്റൂര്‍ കേസ്

ജല അതോറിറ്റി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച അഴുക്കുചാലിന്റെ ഗതി ഫ്‌ളാറ്റ് കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ മാറ്റിവിട്ടുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനായി ജലവിഭവവകുപ്പിന്റെ അംഗീകാരം തേടിയിരുന്നില്ല. ഭൂമി തങ്ങളുടേതാണെന്ന് വകുപ്പ് നേരത്തെ അറിയിച്ചത് അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ നീക്കമെന്നും വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2009ലെ എജി റിപ്പോര്‍ട്ടും 2013ലെ വിജിലന്‍സ് റിപ്പോര്‍ട്ടും ഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്നതായിരുന്നു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്താന്‍ കൂട്ടുനിന്നെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും ഭരത്ഭൂഷണും ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ്. അഴുക്കുചാല്‍ മാറ്റാന്‍ ഉത്തരവിട്ടത് പ്രതികളിലൊരാളായ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.

അഴുക്കുചാല്‍ ഗതി മാറ്റാന്‍ ഫളാറ്റ് കമ്പനിയോട് 14.8 ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഉത്തരവ് അന്നത്തെ ജല അതോറിറ്റി എംഡി തടഞ്ഞെങ്കിലും വഴിവിട്ട നീക്കങ്ങളിലൂടെ ഉന്നതല സഹായം തേടി ഫ്‌ളാറ്റ്കമ്പനി ലക്ഷ്യത്തിലെത്തുകയായിരുന്നു.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉത്തരവ് തടഞ്ഞപ്പോള്‍ കമ്പനി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സമീപിക്കുകയായിരുന്നു. ആ പരാതിയിന്മേല്‍ ഉമ്മന്‍ചാണ്ടി തീരുമാനം വൈകിപ്പിച്ചു. തുടര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണമെന്ന വിധി കമ്പനി കോടതിയില്‍ നിന്ന് സമ്പാദിച്ചു.

അങ്ങനെ മുഖ്യമന്ത്രി വിഷയം ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്് കൈമാറിയെന്നും കമ്പനിക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടു എന്നുമായിരുന്നു ആരോപണം. വിവാദ ഭൂമി സംബന്ധിച്ച റവന്യൂ രേഖകളില്‍ വ്യാപക കൃത്രിമമാണ് വിജിലന്‍സ് കണ്ടെത്തിയത്.

2006ലെ വിലയാധാരത്തിലൂടെയാണ് കമ്പനി ഭൂമി സ്വന്തമാക്കിയത്. അതിന്റെ മുന്‍പ്രമാണം 1989ലെ ഭാഗപത്രമാണ്. അതിനു മുമ്പിലത്തേത് 1970ലേതും തൊട്ടുമുമ്പുള്ളത് മലയാളവര്‍ഷം 1114ലെ ഭാഗപത്രവുമാണ്. അത് ശരിയായ ഭാഗപത്രമല്ലെന്ന് വിജിലന്‍സ് കണ്ടെത്തി. അതോടെ ഭൂമിയിന്മേലുള്ള പ്രമാണങ്ങളെല്ലാം അസാധുവാണെന്നും അത് സര്‍ക്കാര്‍ ഭൂമിയാണെന്നും വിജിലന്‍സിന് ബോധ്യപ്പെടുകയായിരുന്നു.