ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന് ദുബായ് ആര്‍ടിഎയെ കളിയാക്കി; പ്രവാസി യുവാവിന് 87 ലക്ഷം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയും

single-img
9 February 2018

ഡ്രൈവിങ് ടെസ്റ്റ് തോറ്റതിന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യെ കളിയാക്കിയ ഇന്ത്യന്‍ യുവാവിന് 500,000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയും വിധിച്ചു. ഇമെയില്‍ വഴി ആര്‍ടിഎ മോശമാണെന്ന് പ്രചരിപ്പിച്ചതിനാണ് 25 വയസുള്ള ഇന്ത്യന്‍ യുവാവിന് ശിക്ഷ.

‘ഡ്രൈവിങ് ടെസ്റ്റിന് എത്തുന്ന പാവങ്ങളെ മനഃപൂര്‍വം തോല്‍പ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്’–എന്നാണ് യുവാവ് ആരോപിച്ചത്. ഇത്തരത്തില്‍ മെയില്‍ വഴി പ്രചരിച്ച കാര്യം ആര്‍ടിഎ ദുബായ് പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടപടിയുമായി മുന്നോട്ടു പോവുകയും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ ആണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ സ്വകാര്യ ഇമെയില്‍ ഐഡിയില്‍ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി.

സര്‍ക്കാര്‍ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് മെയില്‍ അയച്ചത്. ഈ ഫോണും കോടതിയില്‍ ഹാജരാക്കി. സൈബര്‍ കുറ്റകൃത്യവും ഇയാള്‍ക്കെതിരെ ചുമത്തി.

കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ ഇന്ത്യക്കാരന്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. നിലവിലുള്ള വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.